24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കൊയ്‌ത്തുപാടങ്ങളിൽ കർഷകരുടെ കണ്ണീർ
kannur

കൊയ്‌ത്തുപാടങ്ങളിൽ കർഷകരുടെ കണ്ണീർ

നെല്ലും വൈക്കോലും കിട്ടാതെ കൊയ്‌ത്തുപാടങ്ങളിൽ കർഷകരുടെ കണ്ണീർ. ന്യൂനമർദത്തെതുടർന്നുള്ള കനത്ത മഴയാണ്‌ നെൽ കർഷർക്ക്‌ ദുരിതമായത്‌. വെള്ളക്കെട്ടുള്ള വയലുകളിൽ നെല്ല്‌ കൊയ്‌തെടുക്കാൻ കഴിയാതെ ഉപേക്ഷിച്ചു. ഈ നെല്ല്‌ പാടങ്ങളിൽ അടിഞ്ഞ്‌ മുളച്ച്‌ പൊങ്ങുകയാണ്‌. അവശേഷിക്കുന്ന വയലുകളിലാവട്ടെ മഴ കാരണം നെല്ല്‌ കൊയ്യാനും കഴിയുന്നില്ല. കൊയ്‌തെടുത്ത നെല്ല്‌ ഉണക്കാനും പ്രയാസമാണ്‌. വൈക്കോൽ ഉണക്കിയെടുക്കാനാവാതെ മഴയിൽ നശിച്ചു. ജില്ലയിൽ ഒന്നാം വിളയ്ക്ക്‌ ശരാശരി 3,500 ഹെക്ടറിൽ നെൽകൃഷി നടത്തുന്നുണ്ട്‌. ഇതിൽ അപൂർവം പാടശേഖരങ്ങളിൽ മാത്രമാണ്‌ കൊയ്‌ത്ത്‌ നടന്നത്‌.
മെയ്‌ 12ന്‌ തുടങ്ങിയ മഴയ്‌ക്ക്‌ ഇതുവരെ കാര്യമായ ശമനമുണ്ടായിട്ടില്ല. കാലവസ്ഥ വ്യതിയാനത്തിന്‌ ഭാഗമായുള്ള ന്യൂനമർദം കാരണം ചിങ്ങം, കന്നി മാസങ്ങളിൽ കനത്ത മഴയാണ്‌ ലഭിച്ചത്‌. ഈ മാസങ്ങളിലാണ്‌ നെല്ല്‌ കൊയ്യുന്നതും ഉണക്കുന്നതും. വിത്തിനുള്ള നെല്ല്‌ ശേഖരിക്കുന്നതും ഈ സമയത്താണ്‌.
കർക്കടകത്തിനുശേഷം മഴ പൊതുവെ കുറഞ്ഞ്‌ കൊയ്യുന്നതിനും മറ്റുമുള്ള അനുകൂല കാലവസ്ഥയുണ്ടാവാറുണ്ട്‌. ഇക്കുറി തുടർമഴയിൽ കർഷകരുടെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി.
മിക്ക പാടശേഖരങ്ങളിലും യന്ത്രം ഉപയോഗിച്ചാണ്‌ കൊയ്‌ത്ത്‌. മഴയും വെള്ളക്കെട്ടുമുണ്ടെങ്കിൽ യന്ത്രക്കൊയ്‌ത്ത്‌ നടക്കില്ല. ചാഞ്ഞുവീണ നെൽകതിരുകളും യന്ത്രത്തിൽ കൊയ്യാനാവില്ല. ഇതിനാൽ ഇക്കുറി നെല്ലുൽപാദനത്തിൽ വൻ ഇടിവുണ്ടാകും. രണ്ടാം വിള നെൽകൃഷിക്കുള്ള ചാറ്റടി തയ്യാറാക്കുന്നതും പ്രശ്‌നമായിരിക്കയാണ്‌.
കൊയ്‌ത്ത്‌ നടക്കാത്തതിനാൽ ഞാറിടുന്നത്‌ വൈകി. ചാറ്റടി പാടങ്ങളിൽ വെള്ളം കയറിയതും പ്രശ്‌നമായി. രണ്ടാംവിള നെൽകൃഷി വൈകിയാൽ നെല്ല്‌ കതിരിടുന്ന ഘട്ടത്തിൽ വെള്ളം ലഭിക്കാതാവും. നെൽകൃഷിയെതുടർന്നുള്ള പച്ചക്കറി, പയർ വർഗങ്ങളുടെ കൃഷിയെയും ഇപ്പോഴത്തെ മഴ ദോഷകരമായി ബാധിക്കും. ഒന്നാംവിളയ്‌ക്ക്‌ ശേഷം പച്ചക്കറിക്ക്‌ നിലമൊരുക്കേണ്ട വയലുകളിൽ ഇപ്പോഴും വെള്ളമൊഴിഞ്ഞിട്ടില്ല. രണ്ടാംവിള വൈകിയാൽ അവിടെയും പച്ചക്കറിയും പയർവർഗങ്ങളും കൃഷി ചെയ്യുന്നത്‌ പ്രതിസന്ധിയിലാവും.
ഒന്നാംവിള നെൽകൃഷിയുടെ തുടക്കവും പിഴച്ചതായിരുന്നു. മെയ്‌ മാസത്തിലെ കനത്ത മഴയിൽ ഞാറ്റടി തയ്യാറാക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ജൂണിൽ മഴ കുറഞ്ഞതിനാൽ ഞാറ്‌ പറിച്ചുനടുന്നത്‌ വൈകി. നെൽ കതിരുടുന്ന സമയത്തും മഴയ്‌ക്ക്‌ ശമനമുണ്ടായില്ല. അത്യൂൽപാദനശേഷിയുള്ള ശ്രേയസ്‌, ജയ, ഉമ, ആതിര, അശ്വതി തുടങ്ങിയ മധ്യകാല മൂപ്പുള്ള (120–-30 ദിവസം) നെല്ലിനങ്ങളാണ്‌ കൂടുതലായി കൃഷി ചെയ്‌തത്‌. ചില പാടശേഖരങ്ങളിൽ ജ്യോതി, മട്ട ത്രിവേണി എന്നീ ഹ്രസ്വകാല ഇനങ്ങളും ഇറക്കിയിരുന്നു.

Related posts

കണ്ണൂർ വി സി പുനർനിയമനത്തിൽ അപാകതയില്ല; ഉത്തരവ്‌ ഡിവിഷൻ ബഞ്ചും ശരിവെച്ചു

Aswathi Kottiyoor

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

Aswathi Kottiyoor

കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍പ്പന നടത്തിയ യുവാവ് റിമാന്‍ഡില്‍; പിടിയിലായത് ഇരിക്കൂര്‍ സ്വദേശി നാസര്‍

Aswathi Kottiyoor
WordPress Image Lightbox