വൈതൽമല–- പാലക്കയംതട്ട് ടൂറിസം സർക്യൂട്ട് റോഡ് വികസനത്തിന് അഞ്ച് കോടി രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. 10 കോടി രൂപയെങ്കിലും റോഡ് നവീകരണത്തിന് ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടമായാണ് അഞ്ച് കോടിയുടെ റോഡ് വികസനം.
വിനോദസഞ്ചാര രംഗത്ത് ഏറെ മുന്നേറാൻ സാധ്യതയുള്ള ജില്ലയെന്ന നിലയിൽ കണ്ണൂരിന് ടൂറിസം വകുപ്പ് വലിയ പരിഗണനയാണ് നൽകുന്നതെന്ന് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. പാലക്കയംതട്ട്, വൈതൽമല, കഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ ദിവസം അമ്പതിനായിരം സഞ്ചാരികളെ എത്തിക്കാനാണ് ശ്രമിക്കുന്നത്.
വൈതൽമൽ–- പൊട്ടംപ്ലാവ് റോഡ് എട്ടരമീറ്റർ വീതിയിൽ മൊക്കാഡം ടാറിങ് ചെയ്യും. ജില്ലാ പഞ്ചായത്ത് പരിധിയിലെ നൂറോളം റോഡുകൾ മെക്കാഡം ചെയ്യാനുള്ള സാമ്പത്തിക സഹായത്തിന് സർക്കാരിനെ സമീപിക്കും. ജില്ലാ പഞ്ചായത്തിന്റെ കരിമ്പം, കാങ്കോൽ, കൊമ്മേരി ഫാമുകൾ ടൂറിസം കേന്ദ്രങ്ങളാക്കും. കണ്ണൂർ വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ടൂറിസം കേന്ദ്രങ്ങളിലേക്ക് സൂചനാ ബോർഡുകൾ സ്ഥാപിക്കും.
ജില്ലയുടെ ടൂറിസം മാപ്പും ആനകയറുന്ന സ്ഥലങ്ങളിൽ ഫെൻസിങ് മാപ്പും തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഈ വർഷത്തെ വാർഷിക വികസന ഫണ്ടായി വകയിരുത്തിയിട്ടുള്ളത് 47.32 കോടി രൂപയാണ്. ഇതിന് പുറമെ മെയിന്റനൻസ്, റോഡ് ഇതരം എന്നിവയ്‌ക്കായും ഫണ്ട് വകയിരുത്ത്.
യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ (ധനകാര്യം), സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ (വികസനം), അഡ്വ. ടി സരള ( പൊതുമരാമത്ത്), അഡ്വ. കെ കെ രത്നകുമാരി (വിദ്യാഭ്യാസം–- ആരോഗ്യം), വി കെ സുരേഷ്‌ബാബു (ക്ഷേമം) എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ വിജയൻ, തോമസ് വെക്കത്താനം, എം രാഘവൻ, എൻ പി ശ്രീധരൻ, പി പി ഷാജർ, സി വി കൃഷ്‌ണൻ, ലിസി ജോസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.