കണ്ണൂർ: പൊതുജനത്തിന് പോകേണ്ടതോ സേവനം കിട്ടേണ്ടതോ ആയ ഒരു സര്‍ക്കാര്‍ ഓഫീസ് അന്വേഷിച്ച് ഇനി വലയേണ്ടതില്ല. കൈയില്‍ എന്റെ ജില്ല മൊബൈല്‍ ആപ്പ് ഉണ്ടായാല്‍ മാത്രം മതി. ഏത് സര്‍ക്കാര്‍ ഓഫീസിന്റെയും സര്‍ക്കാര്‍ സ്ഥാപനത്തിന്റെയും എല്ലാ വിവരങ്ങളും ഈ ആപ്പിലുണ്ട്. ഓഫീസിന്റെ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ മാത്രമല്ല പോകേണ്ട വഴി അറിയില്ലെങ്കില്‍ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പും ഉണ്ട്. മാപ്പ് തെരഞ്ഞെടുത്താല്‍ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം ഗൂഗിള്‍ മാപ്പില്‍ തെളിയും. ഇവിടേക്കുള്ള വഴി, ദൂരം എന്നിവയെല്ലാം കൃത്യമായി മനസിലാക്കാനുമാകും.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജനസൗഹൃദമാക്കാനുമായി എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ജില്ലാ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
നിങ്ങള്‍ക്ക് ആവശ്യമുള്ള ഓഫീസ് തെരഞ്ഞെടുത്താല്‍ സ്ക്രീനില്‍ ആ ഓഫീസിന്റെ വിവരങ്ങള്‍ തെളിയും. ഓഫീസിലേക്ക് വിളിക്കാൻ നന്പർ പോലും ഡയൽ ചെയ്യേണ്ട, ഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. കോള്‍ ലഭിക്കും. ഇ -മെയില്‍ അയക്കുന്നതിനുംഐഡി ടൈപ്പ് ചെയ്യേണ്ട. ഇമെയില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഓഫീസ് മെയില്‍ ഐഡി കാണും. ഇതിലേക്ക് സന്ദേശം, അപേക്ഷ എന്നിവ അയക്കാം.
ഇതിനെല്ലാം പുറമെ ഓരോ ഓഫീസിന്റെയും പ്രവര്‍ത്തനം പൊതു ജനങ്ങള്‍ക്ക് നേരിട്ട് വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി അഞ്ച് നക്ഷത്ര അടയാളമുള്ള ഗ്രേഡിംഗ് രീതിയാണുള്ളത്. ഇതില്‍ ഓഫീസിനെപ്പറ്റിയുള്ള അഭിപ്രായം നിങ്ങള്‍ക്ക് രേഖപ്പെടുത്തുകയും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന ഗ്രേഡിംഗിനനുസരിച്ച് നക്ഷത്ര ചിഹ്നം രേഖപ്പെടുത്തുകയുമാകാം. ഈ വിലയിരുത്തലുകള്‍ ജില്ലാ തലത്തില്‍ അതാത് ജില്ല കളക്ടര്‍മാരാണ് പരിശോധിക്കുക. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇത് വിലയിരുത്തുക. ഗ്രേഡിംഗ് കുറഞ്ഞ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നടപടികളും ഉണ്ടാവുകയും ചെയ്യും.
സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ ജനസൗഹൃദമാക്കാനും ഉദ്ദേശിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ എന്റെ ജില്ല ആപ്പിന് രൂപം നല്‍കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ തലശേരി സബ് കളക്ടര്‍ അനുകുമാരി ആണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.