പേരാവൂർ: ചിട്ടി തട്ടിപ്പിൽ ആരോപണവിധേയനായ പേരാവൂർ സഹകരണ ഹൗസ് ബിൽഡിംഗ് സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസിന്റെ വീടിന് മുന്നിൽ കർമസമിതിയുടെ നേതൃത്വത്തിൽ ഇടപാടുകാർ ധർണ നടത്തി. ഇന്നലെ രാവിലെ 11 ഓടെ സൊസൈറ്റിക്ക് മുന്നിൽനിന്ന് പ്രകടനമായാണ് ഇടപാടുകാർ സെക്രട്ടറിയുടെ മുള്ളേരിക്കലിലുള്ള വീടിന് മുന്നിലെത്തിയത്. ഗേറ്റിന് മുന്നിൽ പേരാവൂർ പോലീസ് ഇടപാടുകാരെ തടഞ്ഞു. തുടർന്നു നടന്ന ധർണ ജോസ് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. സിബി മേച്ചേരി, കെ. സനീഷ്, ടി.ബി. വിനോദ്, മാത്യു തോട്ടത്തിൽ, സുഭാഷിണി ഉണ്ണിരാജ് എന്നിവർ പ്രസംഗിച്ചു.
അതേസമയം, തട്ടിപ്പിനിരയായ നിക്ഷേപകരുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 13 അംഗ സമരസമതിക്കാണ് രൂപം നല്‍കിയത്. സിബി മേച്ചേരി കണ്‍വീനറായും സനീഷ് ചെയര്‍മാനായും വിനോദ് കേളകം സെക്രട്ടറിയായും ജോണ്‍ പാലിയത്ത് ട്രഷററായുമുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. സമരസമതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹസമരം നടത്തും. അതോടൊപ്പം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എആറിനും പരാതി നല്‍കുമെന്നും സമരസമിതി കണ്‍വീനര്‍ പറഞ്ഞു.
മാസം 2000 രൂപ വീതം അടച്ച് 50 മാസങ്ങൾക്കൊണ്ട് തീരുംവിധമാണ് ആളുകളെ ചിട്ടിയിൽ ചേർത്തത്. നറുക്ക് വന്നവർ തുടർന്ന് പണം അടയ്ക്കേണ്ടതില്ലാത്ത ചിട്ടിക്ക് ഏകദേശം 600 ലധികം ആളുകളെ ചേർത്തുവെന്നാണ് ചിട്ടിക്ക് ചേർന്നവർ പറയുന്നത്. ഇതിൽ 50 പേർക്ക് നറുക്കെടുപ്പിലൂടെ പണം നൽകി. ബാക്കിയുള്ളവരിൽ ഏതാനും പേർക്ക് പണം നൽകിയെന്നാണ് അറിയുന്നത്.
ചിലരുടെ ചിട്ടിപ്പണം സൊസൈറ്റിയിൽ സ്ഥിരനിക്ഷേപമായും എസ്ബി അക്കൗണ്ട് നിക്ഷേപമായും വകയിരുത്തുകയും ചെയ്തു. എന്നാൽ നിരവധിയാളുകൾക്ക് ഇനിയും ചിട്ടിപ്പണം ലഭിച്ചില്ലെന്നാണ് പരാതി.