ദേശാടന പക്ഷികള്‍ വിരുന്നിനെത്തുന്ന വിശാലമായ ചതുപ്പ് നിലങ്ങളും വയല്‍പ്പരപ്പും പുഴയും ചെറു തുരുത്തുകളുമായി പരന്നു കിടക്കുന്ന പുല്ലൂപ്പിക്കടവ് പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാവുന്നു. നാറാത്ത് ഗ്രാമ പഞ്ചായത്ത് മുന്‍കയ്യെടുത്താണ് പുല്ലൂപ്പിക്കടവ് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ മനോഹര തീരത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കി വരികയാണ്.
മുണ്ടേരിക്കടവ് പക്ഷിനിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗം കൂടിയാണ് പുല്ലൂപ്പിക്കടവ്. മുണ്ടേരിക്കടവിലെ ജൈവവൈവിധ്യം നിലനിര്‍ത്തി ടൂറിസം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. അതിനാല്‍ ഈ പ്രദേശത്തിന്റെ സാധ്യതകള്‍ ഏറെയാണ്. സൂര്യാസ്തമയം കാണുന്നതിനും ഒഴിവു സമയം ചെലവഴിക്കുന്നതിനുമായി നിരവധി പേരാണ് ഈ പ്രദേശത്ത് എത്തിച്ചേരുന്നത്. കാട്ടമ്പള്ളി പുഴയുടെ കൈവഴികളാണ് പുല്ലൂപ്പി, വാരം, മുണ്ടേരി കടവുകള്‍. മുമ്പ് പൊക്കാളി കൃഷി വ്യാപകമായി ചെയ്തിരുന്ന പ്രദേശമാണ് ഇവിടം. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മനസിലാക്കിയതിനാലാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍ പറഞ്ഞു. പ്രാഥമിക സര്‍വ്വേ നടത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഡി പി ആര്‍ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു.
പുല്ലൂപ്പിക്കടവ്, പുല്ലൂപ്പി പാലം കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്. വാട്ടര്‍ ടൂറിസത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുക. പരമ്പരാഗത രീതിയില്‍ മീന്‍പിടിക്കുന്നവര്‍ക്കായി മത്സ്യ ബൂത്ത്, ബോട്ടിംഗ്, കയാക്കിംഗ് എന്നിവയും പ്രദേശത്ത് നടപ്പിലാക്കും. ടൂറിസ്റ്റുകള്‍ക്ക് പുഴയില്‍ വിശ്രമകേന്ദ്രം ഒരുക്കുന്നതിന് ഹട്ട് സംവിധാനവും ആരംഭിക്കും. ഇവര്‍ക്ക് തോണികള്‍ ചെന്ന് ഭക്ഷണം എത്തിച്ചുനല്‍കുന്നതിനുള്ള പദ്ധതികളും ആലോചനയിലുണ്ട്. വാട്ടര്‍ മോട്ടോര്‍ ബൈക്ക് ആരംഭിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ താല്‍പര്യവുമായി മുന്നോട്ട് വരുന്നുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.