കേളകം: കേളകം ടൗൺ ഒഴിവാക്കിയുള്ള മട്ടന്നൂർ -മാനന്തവാടി നാലുവരിപ്പാത നിർമാണം പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നു. ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് റോഡിന്റെ അലൈൻമെന്റ് മാറ്റം വരുത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശവാസികളുടെ നിരവധി വീടുകൾ നശിപ്പിച്ചുകൊണ്ടുള്ള നാലുവരിപ്പാത നിർമാണം അശാസ്ത്രീയവും ചില നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മർദങ്ങൾക്ക് വഴങ്ങിയുമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.
നിലവിലെ റോഡ് വിതി കൂട്ടി നിർമിക്കാനുള്ള സാധ്യതകൾ, മഞ്ഞളാംപുറം യുപി സ്കൂളിന്റെ എതിർ വശത്തു നിന്നും ആരംഭിച്ച് വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരുന്ന തരത്തിൽ 1.2 കിലോമീറ്റർ ദൂരം റോഡ് നിർമിക്കാനുഉള സാധ്യതകൾ, മൂന്നാമത് വില്ലേജ് ഓഫീസിന് പിന്നിൽ നിന്നാരംഭിച്ച് മഞ്ഞളാംപ്പുറം ടൗണിന് സമീപം എത്തുന്ന വിധത്തിൽ 2.5 കിലോമീറ്റർ ദൂരം എന്നിങ്ങനെയുള്ള സാധ്യതകളാണ് പ്രധാനമായും ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുന്നത്. ഇതിൽ നിലവിലുള്ള റോഡ് വീതികൂട്ടി നിർമിക്കുന്നതിനായി എത്ര സ്ഥലം വേണമെങ്കിലും വിട്ടുനൽകാൻ തയാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പകരം വർഷങ്ങൾ കൊണ്ടുണ്ടാക്കിയ കാർഷിക വിളകളും കിടപ്പാടവും നഷ്ടപ്പെടുത്തിക്കൊണ്ട് പാത നിർമിക്കാനുള്ള നടപടികളെ ശക്തമായി എതിർക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും താത്പര്യം സംരക്ഷിക്കാൻ രാഷ്ട്രീയക്കാർ കൂട്ടുനിൽക്കുകയാണ്. നിലവിലുള്ള റോഡ് വീതി കൂട്ടി നാലുവരിപ്പാത നിർമിക്കുമ്പോൾ കേളകം ടൗണിൽ മാത്രം നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടതു കൊണ്ടാണ് അധികാരികൾ മറ്റു സാധ്യതകളെക്കുറിച്ച് പരിശോധന നടത്തുന്നത്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ സണ്ണി ജോസഫ് എംഎൽഎക്ക് നിവേദനം നൽകിയിട്ടുണ്ട്.
previous post