സംസ്ഥാനത്തെ മുതിർന്ന ഒൻപത് പോലീസ് സൂപ്രണ്ടുമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐപിഎസ് പദവി അനുവദിച്ചു.
എസ്പിമാരായ എ.ആർ.പ്രേംകുമാർ, ഡി.മോഹനൻ, അമോസ് മാമ്മൻ, എ.പി.ഷൗക്കത്തലി, കെ.വി.സന്തോഷ്, വി.യു.കുര്യാക്കോസ്, എസ്.ശശിധരൻ, പി.എൻ.രമേശ് കുമാർ, എം.എൽ.സുനിൽ എന്നിവർക്കാണ് ഐപിഎസ് ലഭിച്ചത്. കെ.ജയകുമാർ, ടി.രാമചന്ദ്രൻ എന്നിവർ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും അന്തിമപട്ടികയിൽ ഒഴിവാക്കപ്പെട്ടു. ഇതിൽ ജയകുമാറിന് സംസ്ഥാനം ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഐപിഎസ് ലഭിച്ചവരിൽ എ.ആർ.പ്രേംകുമാർ, ഡി.മോഹനൻ, അമോസ് മാമ്മൻ എന്നിവർ വിരമിച്ചവരാണ്.
ഐപിഎസ് ലഭിച്ചതോടെ ഇവർക്ക് 60 വയസുവരെ സർവീസിൽ തുടരാം. പ്രേംകുമാറിന് അടുത്ത ജൂണ്‍ വരെയും മോഹനന് അടുത്ത മേയ് വരെയുമേ സർവീസുള്ളൂ. 2018 മുതൽ മൂന്നു വർഷത്തേക്ക് 33 ഒഴിവുകളുണ്ടായിരുന്നെങ്കിലും 2018ലെ ഒഴിവുകളിലേക്കുള്ള പട്ടിക മാത്രമാണ് യുപിഎസ്സി പരിഗണിച്ചത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ രണ്ടു പേർക്ക് കേന്ദ്രം ഐപിഎസ് നൽകി. എ.പി ഷൗക്കത്തലിയും കെ.വി. സന്തോഷുമാണിവർ. ഇതിൽ ഷൗക്കത്തലി നിലവിൽ എൻഐഎയിൽ ഡപ്യൂട്ടേഷനിലും സന്തോഷ് സംസ്ഥാന ക്രൈംബ്രാഞ്ചിലുമാണ്.