23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോവിഡ് മരണ നിർണയം: സംസ്ഥാനത്ത് പുതിയ മാർഗനിർദേശങ്ങൾ
Kerala

കോവിഡ് മരണ നിർണയം: സംസ്ഥാനത്ത് പുതിയ മാർഗനിർദേശങ്ങൾ

സംസ്ഥാനത്ത് കോവിഡ് 19 മരണങ്ങളുടെ നിർണയത്തിനായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗനിർദേശങ്ങളിറക്കിയത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കോവിഡ് മരണ സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. അർഹരായ എല്ലാവർക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് 19 മരണ നിർണയ സമിതി (സി.ഡി.എ.സി) രൂപീകരിക്കുന്നതാണ്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (അഡീഷണൽ ജില്ലാ കളക്ടർ), ജില്ലാ മെഡിക്കൽ ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ/ ജില്ലാ സർവൈലൻസ് മെഡിക്കൽ ഓഫീസർ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി (ജില്ലയിൽ മെഡിക്കൽ കോളേജ് ഇല്ലെങ്കിൽ ഡിഎസ്ഒ (നോൺ കോവിഡ്) പരിഗണിക്കും), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ദ്ധനോ (ലഭ്യമാകുന്നിടത്തെല്ലാം) ഉൾപ്പെട്ട വിഷയ വിദഗ്ദ്ധൻ എന്നിവർ ചേർന്നതാണ് ജില്ലാ മരണ നിർണയ സമിതി.
കോവിഡ് മരണം സബന്ധിച്ചുള്ള ആവശ്യത്തിനായി ഇ-ഹെൽത്ത് ഡെത്ത് ഇൻഫോ വെബ്സൈറ്റ് (https://covid19.kerala.gov.in/deathinfo/) സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനം പ്രഖ്യാപിക്കുന്ന കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരം ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ അവർക്ക് ഓൺ ലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കോവിഡ് മരണ രേഖയിൽ തിരുത്തലുകൾ വരുത്താനും സാധിക്കുന്നതാണ്. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൻമേൽ തീരുമാനമെടുക്കുന്നതും. ഒക്ടോബർ 10 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നതാണ്.
നേരത്തെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും ആവശ്യമെങ്കിൽ പുതിയ രീതിയിലുള്ള കോവിഡ് 19 മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന മരണ രജിസ്ട്രേഷൻ നമ്പർ അവർ ഓൺലൈനായി നൽകണം.
ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഇത് സംസ്ഥാന ചീഫ് രജിസ്ട്രാർ, ജനന മരണ രജിസ്ട്രാർ എന്നിവരെ അറിയിക്കും. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതാണ്. സംസ്ഥാന മെഡിക്കൽ ബോർഡ് ജില്ലകൾക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts

ഹ​രി​ത ടൂ​റി​സം: ഉ​ന്ന​തസം​ഘം മു​ഴ​ക്കു​ന്ന് സ​ന്ദ​ർ​ശി​ച്ചു

Aswathi Kottiyoor

കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Aswathi Kottiyoor

എസ്എസ്എൽസി; ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox