25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ഇനി ആരോഗ്യ കാർഡും; ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനം: റജിസ്ട്രേഷൻ എങ്ങനെ?.*
Kerala

*ഇനി ആരോഗ്യ കാർഡും; ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനം: റജിസ്ട്രേഷൻ എങ്ങനെ?.*

∙ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ആരോഗ്യകാർഡ് ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും നിർബന്ധമല്ല.

2020 ഓഗസ്റ്റ് 15ന് 6 കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് ഇന്നലെ മുതൽ രാജ്യമാകെ വ്യാപിപ്പിച്ചത്. നിലവിൽ 15.57 ലക്ഷം പേർക്ക് ആരോഗ്യകാർഡുണ്ട്.

14 അക്ക തിരിച്ചറിയൽ നമ്പറും പിഎച്ച്ആർ (പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ്) വിലാസവുമാണു ലഭിക്കുക. വെർച്വൽ ഹെൽത്ത് കാർഡ് ഡൗൺലോഡ് ചെയ്യാം. ആരോഗ്യസേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽത്ത് ഐഡിയായിരിക്കും അടിസ്ഥാനം. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റമാണിതെന്നു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പോലെയുള്ള പദ്ധതികൾക്കു മാത്രമാണ് ആധാർ ഉപയോഗിക്കാൻ അനുവാദമുള്ളത്. ഇക്കാരണത്താലാണു പുതിയ ഹെൽത്ത് ഐഡി കൊണ്ടുവരുന്നത്.

എങ്ങനെ?

∙ healthid.ndhm.gov.in/register എന്ന വെബ്സൈറ്റിൽ കയറി ‘Generate your Health ID’ എന്നതിനു താഴെ ആധാർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. ആധാർ നൽകാൻ താൽപര്യമില്ലെങ്കിൽ അതിനു താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് മൊബൈൽ നമ്പർ നൽകി റജിസ്ട്രേഷൻ നടത്താം.

∙ പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ചിത്രവും അപ്‌ലോഡ് ചെയ്യാം.

∙ പിഎച്ച്ആർ (പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ്) വിലാസമായി ഇമെയിൽ വിലാസത്തിന്റെ യൂസർനെയിം പോലെ ഒരു പേരു നൽകുക. 14 അക്ക നമ്പർ ഓർമിക്കുന്നതിനു പകരം പിഎച്ച്ആർ വിലാസം എളുപ്പം ഓർമിക്കാം.

∙ പൂർത്തിയാകുമ്പോൾ വെർച്വൽ ഹെൽത്ത് കാർഡ് ദൃശ്യമാകും. ഇത് ഡൗൺലോഡ് ചെയ്യാം. ആധാർ നൽകിയാൽ തിരിച്ചറിയൽ പ്രക്രിയ (KYC Process) പൂർത്തിയാക്കാനും കഴിയും.

ആരോഗ്യരേഖകൾ ബന്ധിപ്പിക്കാൻ

∙ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ‘NDHM Health Records Application’ ആപ് തുറന്ന് പിഎച്ച്ആർ വിലാസം, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം.

∙ ശൃംഖലയിലുള്ള ആശുപത്രികളിലെ രോഗിയെങ്കിൽ അവിടെനിന്നു നിങ്ങളുടെ ആരോഗ്യ/ചികിത്സാ രേഖകൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ‘ലിങ്ക്’ ഓപ്ഷൻ ഉപയോഗിക്കാം. സ്വന്തം നിലയ്ക്ക് സ്കാൻ ചെയ്ത് ആരോഗ്യരേഖകൾ സൂക്ഷിക്കാം. ആശുപത്രികളിൽ വരാൻ പോകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തും നിങ്ങളുടെ ഹെൽത്ത് ഐഡി ആശുപത്രിയുമായി ബന്ധിപ്പിക്കാം.

∙ ആരോഗ്യവിവരങ്ങൾ ഉപയോക്താവിന്റെ അനുമതിയോടെ കൈമാറാനുള്ള സൗകര്യമാണിതിലുള്ളത്. എത്ര സമയത്തേക്കു മാത്രം ഒരു രേഖ ഒരു ഡോക്ടർക്ക് ലഭ്യമായിരിക്കണമെന്നും നിശ്ചയിക്കാം.

ഡോക്ടർമാർക്കും ആശുപത്രികൾക്കും

പൊതുജനങ്ങൾക്കു പുറമേ ഡോക്ടർമാർക്കും ആശുപത്രി, ലാബ്, ഫാർമസി മുതലായ ആരോഗ്യസംവിധാനങ്ങൾക്കും പ്രത്യേകം റജിസ്ട്രേഷൻ ആവശ്യമാണ്. ഹെൽത്ത്കെയർ പ്രഫഷനൽസ് റജിസ്ട്രി (എച്ച്പിആർ), ഹെൽത്ത് ഫെസിലിറ്റി റജിസ്ട്രി (എച്ച്എഫ്ആർ) എന്നിവയുമായി ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ബന്ധിപ്പിക്കുകയാണു ലക്ഷ്യം. ഡോക്ടർമാർക്കും സ്ഥാപനങ്ങൾക്കും റജിസ്റ്റർ ചെയ്യാം.

പരാതികൾക്ക്: [email protected] ടോൾഫ്രീ നമ്പർ: 1800-11-4477/14477

Related posts

സംസ്ഥാനത്തെ ഇലക്‌ട്രോണിക്‌സ് ഹബ്ബാക്കും: മന്ത്രി പി രാജീവ്

Aswathi Kottiyoor

സംയോജന മാതൃകകൾ സന്ദർശിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ; ദേശീയ ശിൽപശാലയിൽ കുടുംബശ്രീക്ക് പ്രശംസ

Aswathi Kottiyoor

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി………..

Aswathi Kottiyoor
WordPress Image Lightbox