കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. 50,000 രൂപ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം.
രാജ്യത്ത് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്ത തീയതി മുതൽ കോവിഡ് ദുരന്തമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള കോവിഡ് മരണങ്ങൾക്ക് ധനസഹായം ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ നേരത്തേ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാനത്തും ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
കോവിഡ് ബാധിച്ചതിനു ശേഷം 30 ദിവസത്തിനകമുള്ള എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കാം എന്നതാണ് കേന്ദ്ര തീരുമാനം. പുതിയ മാർഗനിർദേശം വരുന്നതിനു മുന്പുള്ള മരണങ്ങളിൽ, മരണ സർട്ടിഫിക്കറ്റ് പുതുക്കി നൽകും.
അതേസമയം കേരളത്തിലെ കോവിഡ് മരണം സംബന്ധിച്ചുള്ള പട്ടികയിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. മരണ പട്ടികയെ സംബന്ധിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് കോവിഡ് മരണ പട്ടിക പുതുക്കുന്നതിന് സർക്കാർ തീരുമാനിച്ചത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ജില്ലാതല സമിതികളുടെ രൂപീകരണത്തിലും അന്തിമ നടപടികൾ ആയിട്ടില്ല. ജില്ലാതല സമിതികളുടെ രൂപീകരണം ഉടൻ പൂർത്തിയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.