കണ്ണൂർ: വർധിച്ചുകൊണ്ടിരിക്കുന്ന ഡീസൽ വിലയിൽ സബ്സിഡി നൽകാത്തതിലും ജിഎസ്ടിയിൽ ഉൾപ്പെടുത്താത്തതിലും കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. 12 വർഷത്തിലധികമായി വിദ്യാർഥി കൺസഷൻ വർധിപ്പിച്ചിട്ടില്ല. 90 രൂപയുടെ ഡീസൽ അടിച്ച് വിദ്യാർഥികളെ കൊണ്ടുപോകാൻ കഴിയില്ലെന്നും വിദ്യാർഥികൾക്ക് മിനിമം ചാർജ് അഞ്ചുരൂപയും ടിക്കറ്റ് ചാർജിന്റെ പകുതിയായും സ്കൂൾ തുറക്കുന്നതിനു മുന്പ് വർധിപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. രണ്ടുവർഷം മുന്പ് കൊടുത്ത രാമചന്ദ്രൻ റിപ്പോർട്ട് നടപ്പാക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, പി. രാജൻ, സുനിൽകുമാർ, കെ. പുരുഷോത്തമൻ, എം. രഘുനാഥൻ, എം.കെ. പ്രേമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.