24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ ലക്ഷ്യം: മുഖ്യമന്ത്രി
Kerala

അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ ലക്ഷ്യം: മുഖ്യമന്ത്രി

അടുത്ത അഞ്ച് വർഷംകൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാർട്ട്അപ്പ് പാർക്ക് സംവിധാനം സർക്കാർ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്നോവേഷൻ ടെക്‌നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കളമശേരിയിലെ സ്റ്റാർട്ട്അപ്പ് ഡിജിറ്റൽ ഹബ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെ എസ് ഐ ഡി സി, കെ എഫ് സി, കെ എഫ് എസ് ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഏതെങ്കിലും സ്റ്റാർട്ട് അപ്പുകൾ പുറത്തുനിന്ന് നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ ഈ ഫണ്ടിൽ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും. മറ്റു മേഖലകളിൽ സർക്കാരിന്റെ വികസന ലക്ഷ്യങ്ങൾക്ക് സഹായമാകുന്ന സ്റ്റാർട്ട് അപ്പുകളുടെ വിപുലീകരണത്തിനായി ഒരു കോടി രൂപവരെ ഈടില്ലാത്ത വായ്പ ലഭ്യമാക്കുകയും ചെയ്യും. സ്റ്റാർട്ട്അപ്പുകളെ അന്തർദേശീയ വ്യവസായ വാണിജ്യ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുകയും അതിനായി സ്റ്റാർട്ട്അപ്പ് മിഷന്റെ പ്രവർത്തനങ്ങൾ അന്തർദേശീയതലത്തിലേക്ക് വിപുലപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുവർഷം മുമ്പ് 300 സ്റ്റാർട്ട്അപ്പുകളാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് എണ്ണം 3,900 ആയി. 35,000 പേർക്ക് എങ്കിലും ഇതുവഴി അധികമായി തൊഴിൽ ലഭ്യമായിട്ടുണ്ട്.
കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം സാർത്ഥകമായ ചുവടുവയ്പ്പാണ് ടെക്‌നോളജി ഇന്നോവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിന്റെ ആരംഭം. ടെക്‌നോളജി ഇന്നോവേഷൻ സോണിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻക്യുബേഷൻ സൗകര്യമായ ഇൻറർഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്‌സ് സ്ഥാപിച്ചത് രണ്ട് വർഷം മുമ്പാണ്. അന്ന് രണ്ട് ലക്ഷം ചതുരശ്ര അടി ആയിരുന്നു ശേഷി. ഇതിനോടൊപ്പമാണ് രണ്ട് ലക്ഷം ചതുരശ്ര അടി ശേഷിയുള്ള ഡിജിറ്റൽ ഹബ്ബ് കൂടി പ്രവർത്തന സജ്ജമാകുന്നത്. ഇതോടെ ടെക്‌നോളജി ഇന്നോവേഷൻ സോൺ, തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പ് സ്‌പെയ്‌സായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

സമൂഹ അടുക്കള : മുമ്പേ നടന്ന്‌ കേരളം

Aswathi Kottiyoor

പത്ത്‌ പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാന്മാരായി

Aswathi Kottiyoor

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox