36.3 C
Iritty, IN
April 22, 2024
  • Home
  • Kerala
  • കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രി
Kerala

കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രി

കോവിഡാനന്തര കാലം സ്‌കൂളുകൾ തുറക്കുമ്പോൾ പുതിയ കുട്ടികൾക്കും നേരത്തെയുള്ള കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണമെന്നതിനെക്കുറിച്ച് നല്ല ധാരണ വേണം. കുട്ടികൾ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാവണം. കുട്ടികൾക്കിടയിലും, അദ്ധ്യാപകരും കുട്ടികളും തമ്മിലുമുള്ള അപരിചിതത്വവും പരിഹരിക്കണം. കുട്ടിയെ അടുത്തറിയാൻ സഹായകരമായ പദ്ധതികൾ ആസൂത്രണം ചെയ്യണം. ദീർഘകാലം വീട്ടിൽ കഴിഞ്ഞ് വരുന്ന കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കണം. ഓൺലൈൻ പഠനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കണം. ഡിജിറ്റൽ ഡിവൈഡ് പാടില്ല. അദ്ധ്യാപകരുടെ പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ പരിശീലനം നൽകണം. ഓരോ ജില്ലയിലും റിസോഴ്സ് ടീം വേണം. ദേശീയതലത്തിൽ തന്നെ പ്രാവീണ്യമുള്ള വിദഗ്ധരെ പരിശീലനത്തിന്റെ ഭാഗമായി അണിനിരത്തണം. അക്കാദമിക് മാസ്റ്റർ പ്ലാൻ തുടരണം.
പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ പഠന പിന്തുണ നൽകണം. ക്ലാസ്സ് മുറികളെ ഡിജിറ്റൽ സൗഹൃദമാക്കാൻ വിപുലീകൃതമായ പദ്ധതികൾ വേണം. 10-15 കുട്ടികൾക്ക് മെന്റർ എന്ന നിലയിൽ ഒരോ അദ്ധ്യാപകരെ വീതം നിശ്ചയിക്കണം. കുട്ടിയെ അടുത്തറിയാനും കുട്ടിയുടെ മുഖത്ത് മാറ്റം വന്നാൽ മനസ്സിലാക്കാനും അദ്ധ്യാപകർക്ക് ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്ന പദ്ധതിയായതിനാൽ ജനപങ്കാളിത്തം ഉറപ്പിക്കാൻ കൂടുതൽ ശ്രദ്ധയുണ്ടാവണം. സാമൂഹിക നീതിയും അവസര തുല്യതയും അടിസ്ഥാനമാക്കി ഗുണമേൻമാ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കും. സാങ്കേതികവിദ്യാ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തും. കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്താൻ ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴി നേടിയെടുത്ത നേട്ടങ്ങളുടെ തുടർച്ചയും വളർച്ചയും ഉറപ്പാക്കും. ഭൗതിക സൗകര്യവികസന കാര്യങ്ങളിൽ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ-അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കും. തൊഴിലാഭിമുഖ്യം സ്‌കൂൾ ഘട്ടത്തിൽ തന്നെ വികസിപ്പിക്കാൻ ആവശ്യമായ അനുഭവങ്ങൾ ഒരുക്കും. സാംസ്‌കാരിക വിനിമയ പദ്ധതി നടപ്പാക്കും. എല്ലാ മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികൾ വിദ്യാകിരണം പദ്ധതികളുമായി സംയോജിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു, റവന്യു മന്ത്രി കെ. രാജൻ, വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് സിങ്, പ്ലാനിംഗ് സെക്രട്ടറി ടിക്കാറാം മീണ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ. ജീവൻബാബു, നവകേരളം കർമ്മ പദ്ധതി കോ – ഓർഡിനേറ്റർ ടി എൻ സീമ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

സപ്ലൈകോയുടെ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ

Aswathi Kottiyoor

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കും.

Aswathi Kottiyoor

ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് അഭിപ്രായം പറയാം

Aswathi Kottiyoor
WordPress Image Lightbox