സംസ്ഥാനത്ത് വാക്സിനേഷൻ ഊർജിതമായി നടക്കുകയാണെന്നും ലഭിച്ചതിനേക്കാൾ കൂടുതൽ വാക്സിൻ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സിൻ കൈയിലുള്ളത് ശനിയാഴ്ചയോടെ കൊടുത്തുതീർക്കും.
45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. ആർടിപിസിആർ വർധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ 80 ശതമാനം പൂർത്തിയാവുകയാണ്. ആർടിപിസിആർ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തിൽ ആന്റിജന്‍ നടത്തും.
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് ഈ ഘട്ടത്തിൽ തന്നെ വാക്സിൻ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. സ്വകാര്യ ആശുപത്രികൾ വഴി വാക്സീൻ നൽകാൻ 20 ലക്ഷം ഡോസ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ 10 ലക്ഷം ഡോസ് വാങ്ങി സംഭരിച്ചു. ആ വിതരണം നടക്കുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കുള്ള വാക്സിൻ നൽകാനാണ് കളക്ടർമാർ ശ്രദ്ധിക്കുക. രോഗനിയന്ത്രണത്തിന് കേസ് കണ്ടെത്തൽ പ്രധാനം. സംസ്ഥാനം ഉചിതമായ അളവിൽ പരിശോധന നടത്തുന്നുണ്ട്. ആന്റിജന്‍ ടെസ്റ്റ് അടിയന്തിര ആവശ്യങ്ങളിൽ മാത്രമാണ് നടത്തേണ്ടത്. ആർടിപിസിആർ ടെസ്റ്റ് എല്ലാവരും നടത്തണം. ഗൃഹ ചികിത്സയിൽ കഴിഞ്ഞ എല്ലാ യുവാക്കളും പ്രമേഹ പരിശോധന നടത്തണം.