• Home
  • Kerala
  • ലോക്ഡൗണും തുടര്‍നിയന്ത്രണങ്ങളും ; ലേണേഴ്സ് ലൈസന്‍സെടുത്ത് കാത്തിരിക്കുന്നത് ആയിരങ്ങൾ
Kerala

ലോക്ഡൗണും തുടര്‍നിയന്ത്രണങ്ങളും ; ലേണേഴ്സ് ലൈസന്‍സെടുത്ത് കാത്തിരിക്കുന്നത് ആയിരങ്ങൾ

രണ്ട് ലോക്ഡൗണും തുടര്‍നിയന്ത്രണങ്ങളും കാരണം കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സെടുക്കുന്നത് തീര്‍ത്തും ദുഷ്‌കരമായി. ആയിരങ്ങളാണ് ലേണേഴ്സ് ലൈസന്‍സെടുത്ത് ഡ്രൈവിങ് പരീക്ഷയ്ക്കുള്ള തീയതിക്കായി കാത്തിരിക്കുന്നത്.ആറുമാസമാണ് ലേണേഴ്സ് ലൈസന്‍സ് കാലാവധി. അതിനുള്ളില്‍ ഡ്രൈവിങ് പരീക്ഷ ജയിച്ചില്ലെങ്കില്‍ വീണ്ടും ലേണേഴ്സെടുക്കണം.

ടെസ്റ്റ് യഥാസമയം നടത്താന്‍ പറ്റാത്തതിനാല്‍ 2020 ഫെബ്രുവരിക്കുശേഷമുള്ള ലേണേഴ്സ് കാലാവാധി തുടര്‍ച്ചയായി നീട്ടിക്കൊടുക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഏറ്റവുമൊടുവില്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഇനിയും നീട്ടേണ്ടിവരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലേണേഴ്സ് ലൈസന്‍സുള്ളവര്‍ക്ക് മുന്നിലും പിന്നിലും ‘എല്‍’ ബോര്‍ഡ് വെച്ച് വാഹനമോടിക്കാം, പക്ഷേ ശരിയായ ലൈസന്‍സുള്ള ഒരാള്‍ ഒപ്പമുണ്ടാകണം. ഈ നിബന്ധനയ്ക്കുനേരേ കണ്ണടയ്ക്കുകയാണ് ഇപ്പോള്‍ വകുപ്പ് ചെയ്യുന്നത്.

ലേണേഴ്സിനുള്ള അപേക്ഷയും പരീക്ഷയും ഓണ്‍ലൈനാണ്. അതിന് എല്ലാവര്‍ക്കും തീയതി കിട്ടുന്നുണ്ട്. മിക്കവരും ജയിക്കുകയും ചെയ്യുന്നു. അതിനുശേഷമുള്ള ഡ്രൈവിങ് പരീക്ഷാ അപേക്ഷയും ഓണ്‍ലൈനാണ്. ഇതിലൂടെ തീയതി അനുവദിച്ചുകിട്ടും. ഈ തീയതിയാണ് ഇപ്പോള്‍ കിട്ടാത്തത്. ഇതിനുള്ള പോര്‍ട്ടല്‍ തുറന്നുകിട്ടുന്നില്ലെന്ന് അപേക്ഷകര്‍ പറയുന്നു. പുലര്‍ച്ചെ ആറിനും പാതിരാത്രിയും ഒന്നോ രണ്ടോ മിനിട്ട് നേരത്തേക്ക് ഇത് പ്രവര്‍ത്തന ക്ഷമമാകും. അതുകഴിയുമ്പോള്‍ അടയും. ആഴ്ചകളായി ശ്രമിച്ച് കിട്ടാത്തവര്‍ നിരവധിയാണ്.

കോവിഡ് നിയന്ത്രണം കാരണം ഒരു ട്രാന്‍സ്പോര്‍ട്ട് ഓഫീസിനുകീഴില്‍ ദിവസം പരമാവധി 55 പേര്‍ക്കേ ടെസ്റ്റ് അനുവദിക്കുന്നുള്ളൂ. രാവിലെ 8.30 മുതല്‍ 9.30 വരെ 20 പേര്‍ക്കും 9.30 മുതല്‍ 10.30 വരെ 20 പേര്‍ക്കും തുടര്‍ന്നുള്ള ഒരുമണിക്കൂറില്‍ 15 പേര്‍ക്കും. ചിലേടത്ത് 40 പേര്‍ക്കേ ഉള്ളൂ. കേരളത്തില്‍ എണ്‍പതോളം ആര്‍.ടി.ഒ./ജോയിന്റ് ആര്‍.ടി.ഒ. ഓഫീസുകളാണുള്ളതെന്നിരിക്കെ ദിവസം നാലായിരത്തോളം പേര്‍ക്കേ ടെസ്റ്റ് നടത്താന്‍ കഴിയുന്നുള്ളൂ.

ഒന്നരവര്‍ഷം മുമ്പുള്ള അപേക്ഷകരാണിതിന് വന്നുകൊണ്ടിരിക്കുന്നത്. കോവിഡിനുമുമ്പ് ദിവസം 100-120 പേര്‍ക്ക് പരീക്ഷ നടത്തിയിരുന്നു. കോവിഡ് കാരണം സ്വന്തം വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായികൂടി വരികയാണ്. എന്നിരിക്കെ ലൈസന്‍സ് അപേക്ഷകരും കൂടി. അടുത്തകാലത്തായി പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് പഠിക്കാന്‍ വരുന്നതെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു.

Related posts

പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകും: മന്ത്രി ചിഞ്ചുറാണി

Aswathi Kottiyoor

നാളെ ബജറ്റ് ; 18ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ച

Aswathi Kottiyoor

റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

Aswathi Kottiyoor
WordPress Image Lightbox