ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. കാലവർഷത്തിൽ ചെല്ലാനം തീരവാസികൾ നേരിടുന്ന ദുരിതം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കാലതാമസമുണ്ടാകാതെ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാക്കാൻ വേണ്ട ടെൻഡർ നടപടി ക്രമങ്ങൾ സെപ്റ്റംബർ 15ന് ആരംഭിച്ച് നവംബറിൽ പൂർത്തിയാക്കും. ശേഷിച്ച ഭാഗം പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിന് ഡിപിആർ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിന് വേണ്ട തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
രൂക്ഷമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിലാണ് ആദ്യഘട്ട നിർമാണം. അഞ്ച് വർഷത്തിനുള്ളിൽ 5,300 കോടി പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ചെല്ലാനത്ത് ടൂറിസം കേന്ദ്രം തുടങ്ങും. ഡാമുകൾ കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ജലസേചന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചെല്ലാനം പ്രദേശവാസികൾ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരമെന്നത് നാടിന്റെ പൊതു താത്പര്യമായിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് അതിവേഗ പ്രവർത്തനമാണ് നടന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ കൃത്രിമ ബീച്ച് നിർമാണം കൂടി നടത്തിയാൽ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാൻ സാധിക്കുമെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.
ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്റർ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനമോട്ടാകെ നടത്തിയ പഠനത്തിൽ 10 ഹോട്ട്സ്പോട്ടുകൾ ആണ് തീവ്രമായ തീരശോഷണം നേരിടുന്നതായി കണ്ടെത്തിയത്. ഇതിൽ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോ ട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ചെല്ലാനത്ത് നടപ്പാക്കുന്നുണ്ട്.
ചെല്ലാനം കടലേറ്റം സംബന്ധിച്ച വിഷയത്തിൽ മന്ത്രിമാരായ പി.രാജീവ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ , ആന്റണി രാജു യോഗം ചേർന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെല്ലാനത്തിന് തുക പ്രഖ്യാപിച്ചത്.