കണ്ണൂർ: ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ ആറു നഗരസഭാ വാര്‍ഡുകളില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാൻകൂടിയായ ജില്ലാ കളക്ടർ ടി.വി. സുഭാഷ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാനിരക്ക് (ഡബ്ല്യുഐപിആര്‍) എട്ടില്‍ കൂടുതലുള്ള ആന്തൂര്‍ മൂന്ന്, കൂത്തുപറമ്പ് 20, 27, മട്ടന്നൂര്‍ 12, പാനൂര്‍ എട്ട്, പയ്യന്നൂര്‍ 12, ശ്രീകണ്ഠപുരം 12 എന്നീ നഗരസഭാ വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലുള്ള 30 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായും ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.
പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍: ആലക്കോട് 14, ആറളം 15, അയ്യന്‍കുന്ന് 8,13, ചെമ്പിലോട് 14, ചെറുതാഴം 8,14,16, ഏഴോം 8, ഇരിക്കൂര്‍ 13, കടമ്പൂര് 13, കടന്നപ്പള്ളി-പാണപ്പുഴ 4,11, കണിച്ചാര്‍ 5, കണ്ണപുരം 2, കോളയാട് 2,5, മാങ്ങാട്ടിടം 7, മയ്യില്‍ 15, മുഴക്കുന്ന് 6, പാട്യം 5,11, പേരാവൂര്‍ 8,10, രാമന്തളി 5,11, തില്ലങ്കേരി 6, തൃപ്പങ്ങോട്ടൂര്‍ 9, ഉളിക്കല്‍ 9,19.
കോവിഡ് രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്ലസ്റ്റര്‍ ആയി രൂപപ്പെട്ട പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻന്റ് സോണുകളായും പ്രഖ്യാപിച്ച് ഉത്തരവിട്ടു. വ്യാപനം കൂടിയ പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം.
കണ്ടെയ്ൻമെന്റ് സോണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും. മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ നാലിടങ്ങളിലാണ് നിയന്ത്രണം. പ്രദേശങ്ങള്‍ ചുവടെ: പേരാവൂര്‍- എട്ടാം വാര്‍ഡിലെ മരിയ ഭവന്, കൃപ ഭവന്, പായം- ആറാം വാര്‍ഡിലെ മന്ദഞ്ചേരി എസ്ടി കോളനി, ധര്‍മടം- രണ്ടാം വാര്‍ഡിലെ മേലൂര്‍ കിഴക്ക്.
ഈ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്കും ഇളവുകള്‍ നല്‍കും.
അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും പ്രവര്‍ത്തിക്കാം. ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമാകും പ്രവേശനം.
പ്രദേശത്ത് നാലിലധികം ആളുകള്‍ ഒത്തുചേരാന്‍ പാടില്ല. പുറത്ത് നിന്നും അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസിന്റെയോ ആര്ആര്ടിമാരുടെയോ സഹായം തേടാം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും പരമാവധി 20 ആളെ പങ്കെടുപ്പിച്ച് നടത്താവുന്നതുമാണ്. ആരാധാനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. കോവിഡ് രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രം അവശ്യ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. പോലീസ്, ട്രഷറി, എല്‍പിജി, പോസ്റ്റാഫീസുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.