രാജ്യത്തെ മുഴുവൻ സ്കൂൾ അധ്യാപകർക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകാൻ കേന്ദ്ര നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം സംസ്ഥാനങ്ങളിലേക്കു രണ്ടു കോടി കോവിഡ്-19 വാക്സിൻ ഡോസുകൾ എത്തിക്കും. നിലവിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മാസം നൽകി വരുന്ന സ്കീമിനു പുറമേയാണ് കൂടുതൽ ഡോസുകൾ എത്തിക്കുന്നത്. ഇന്ത്യ
അധ്യാപകദിനം ആഘോഷിക്കുന്ന സെപ്റ്റംബർ അഞ്ചിനു മുന്പ് മുഴുവൻ സ്കൂൾ അധ്യാപകർക്കും കോവിഡ് വാക്സിൻ നൽകണമെന്നു മന്ത്രി സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പല സംസ്ഥാനങ്ങളിലും കോവിഡ് ബാധ കുറഞ്ഞതോടെ സ്കൂൾ തുറക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ കൂടി മുന്നോടിയായിട്ടാണ് അധ്യാപകർക്കു മുഴുവൻ കോവിഡ് വാക്സിൻ ഉറപ്പുവരുത്താനുള്ള കേന്ദ്രനിർദേശം. കുട്ടികൾക്കു കോവിഡ് വാക്സിൻ നൽകുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ഇതു സംബന്ധിച്ച പഠനങ്ങളും പരീക്ഷണങ്ങളും അവസാന ഘട്ടത്തിലാണ്.
അതേസമയം, ഇപ്പോൾ കുറഞ്ഞു നിൽക്കുന്ന കോവിഡ് ബാധ ഒക്ടോബറോടെ ശക്തമാകാമെന്നും മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.
മൂന്നാം തരംഗം രൂപപ്പെട്ടാൽ സ്കൂൾ തുറക്കൽ വീണ്ടും നീളാനാണ് സാധ്യത. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ പകുതിയിലധികവുമായി കേരളമാണ് ഇപ്പോൾ കോവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്ന സംസ്ഥാനം.