26.1 C
Iritty, IN
May 30, 2024
  • Home
  • Kerala
  • ഗുരുസന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണം -മുഖ്യമന്ത്രി
Kerala

ഗുരുസന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണം -മുഖ്യമന്ത്രി

ശ്രീനാരായണഗുരുവിന്റെ സന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണമെന്നും പുതിയ കാലത്തിനനുസരിച്ച് ഗുരുദർശനങ്ങളെ നവീകരിച്ച് സമൂഹത്തിൽ പ്രയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിൽ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിന്റെ പല ഭാഗങ്ങളിലും വംശസ്പർദ്ധകളും വർഗീയ വിദ്വേഷങ്ങളും രക്തച്ചൊരിച്ചിലുകളും ഏറുകയാണ്. അയൽ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിൽ വരെ സ്ഥിതി അങ്ങേയറ്റം കലുഷമാണ്. നമ്മുടെ രാജ്യത്തു തന്നെ വർഗീയ വിദ്വേഷം ഇടയ്ക്കിടെ ഭീകരമായ മാനങ്ങളോടെ തല പൊക്കുന്നു. മനുഷ്യരെയാകെ ഒന്നായി കാണണമെന്നും ഭേദചിന്ത അരുതെന്നുമുള്ള ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടാൽ ഇതിനൊക്കെ അറുതി വരുത്താനാവും. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയർത്തിപ്പിടിച്ച് മുമ്പോട്ടുപോകാൻ കഴിയുമ്പോഴേ നാം ഗുരുവിനെ ആദരിക്കുന്നു എന്നു പറയാനാവൂ.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്നും ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നും ലോകത്തെ ഉപദേശിച്ച ശ്രേഷ്ഠനായ ഗുരുവര്യനാണു നമുക്കുള്ളത്. ഇങ്ങനെ മനുഷ്യരാശിക്കാകെ എക്കാലത്തേക്കും വേണ്ട ഉപദേശങ്ങൾ നൽകിയ ഋഷിവര്യൻ കേരളീയനാണ് എന്നത് കേരളത്തിന്റെയാകെ അഭിമാനമാണ്. ‘മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി’ എന്നു മനസ്സിലുറപ്പിക്കാൻ കഴിഞ്ഞാൽ ജാതിയുടെയോ മതത്തിൻറെയോ വംശത്തിൻറെയോ പേരിൽ വാളെടുക്കാൻ ആർക്കും കഴിലില്ല. ഇവിടെയാണു ഗുരുസന്ദേശം ലോകത്തെ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്കുള്ള പരിഹാരസ്വരമാവുന്നത്.
ഗുരുവിനെയും ഗുരുസന്ദേശങ്ങളെയും മറന്നുകൊണ്ട് നമുക്കു മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവ് സർക്കാരിന്റെ നടപടികളിൽ കാണാം.
ഗുരുവിന്റെ ‘ജാതിയില്ലാ വിളംബര’ത്തിനു നൂറ്റഞ്ചു വർഷമാവുകയാണ്. ആ വിളംബരത്തിന്റെ നൂറാം വയസ്സ് കേരളമാകെ അതിഗംഭീരമായി സർക്കാരിന്റെ ആഭിമുഖ്യത്തിൽ നാം ആഘോഷിച്ചു. 1916 ലാണല്ലൊ ചരിത്ര പ്രാധാന്യമുള്ള ആ വിളംബരം വന്നത്. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന വാക്കുകളായിരുന്നു അതിന്റെ സത്ത. ആ പ്രാധാന്യം ഏറെ വർദ്ധിച്ചു വരുന്ന ഘട്ടമാണിത് എന്നും നമുക്കറിയാം.
ഗുരുവിന്റെ ‘ദൈവദശക’ത്തിന്റെ കാര്യത്തിലും വലിയ ആഘോഷം നാം നടത്തി. ദൈവദശകം ഒരു പ്രാർത്ഥനയാണ്. പ്രാർത്ഥനകൾ പൊതുവിൽ ഏതെങ്കിലും ഒരു മതത്തിന്റെ പ്രതീകങ്ങൾ ഉൾക്കൊള്ളുന്നവയാവും. എന്നാൽ, ദൈവദശകം അങ്ങനെയല്ല. എല്ലാ മതക്കാർക്കും ഒരു പോലെ അംഗീകരിക്കാൻ കഴിയുന്ന ഉള്ളടക്കമാണ് അതിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു സമൂഹ പ്രാർത്ഥനയായി അതു മാറി.
തിരുവനന്തപുരത്ത് ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ പേരിലാക്കാൻ രണ്ടുതവണ ആലോചിക്കേണ്ടിവന്നില്ല. ഇതിനും പുറമേയാണ് ചെമ്പഴന്തിയിൽ കൺവെൻഷൻ സെൻറർ നിർമിച്ചത്. ഒറീസയിലെ സ്തൂപക്ഷേത്ര മാതൃകയിലാണ് കൺവെൻഷൻ സെൻറർ പണികഴിപ്പിച്ചത്. ഗുരുവിന്റെ ജീവചരിത്രവും സംഭാവനകളും വ്യക്തമാക്കുന്ന ആദ്യത്തെ ഡിജിറ്റൽ മ്യൂസിയം ഇവിടെ വേണമെന്നു നിശ്ചയിച്ചതു ഗുരുവിന്റെ സന്ദേശത്തിന്റെ മൂല്യം നന്നായി അറിയുന്നതുകൊണ്ടാണ്. ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തി. അതിന്റെ മൂല്യം ഉൾക്കൊണ്ടുകൊണ്ട് ഈ സർക്കാർ ശ്രീകോവിലിലേക്കു പൂജയ്ക്കായി ജാതിഭേദം നോക്കാതെ മനുഷ്യരെ കയറ്റി.
ഗുരുവിന്റെ വേറിട്ട വ്യക്തിത്വവും മനസ്സും മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. ആധ്യാത്മിക രംഗത്ത് പ്രവർത്തിച്ച ഗുരുക്കൻമാർ നമുക്ക് ധാരാളമുണ്ട്. എന്നാൽ, ആ പ്രവർത്തനത്തെ ജൻമനാടിൻറെ ചരിത്രം തന്നെ വിജയകരമായി മാറ്റിയെഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ. അത് ശ്രീനാരായണഗുരുവാണ്.
മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ആ സാമൂഹ്യാവസ്ഥയിലാണ് മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശങ്ങളുമായി ശ്രീനാരായണ ഗുരു ഇടപെട്ടത്. ‘സംഘടന കൊണ്ട് ശക്തരാവുക’ എന്ന ഗുരുവിന്റെ സന്ദേശം ഈഴവ സമുദായത്തിൽ മാത്രമല്ല, കേരളത്തിലാകെ ആ മാറ്റത്തിന്റെ കാറ്റുപടർന്നു. ശ്രീനാരായണ ചിന്ത ഈഴവ സമുദായത്തിലുളവാക്കിയ പുതിയ ബോധത്തിൻറെ ഉണർവ് ഇതര സമുദായങ്ങളിലേക്കും പിൽക്കാലത്ത് പടർന്നു. നമ്പൂതിരി സമുദായത്തിലെ ആചാര ജീർണതകൾ അവസാനിപ്പിക്കാൻ യോഗക്ഷേമസഭയുണ്ടായി. നായർ സമുദായത്തിൽ എൻ.എസ്.എസ് ഉണ്ടായി. ഇതിൻറെയൊക്കെ പിന്നിൽപോലും ശ്രീനാരായണഗുരുവിൻറെ ചിന്തകളുളവാക്കിയ പ്രചോദനത്തിന്റെ ശക്തിയുണ്ട്.
സ്വാമി സംഘടനയുണ്ടാക്കിയപ്പോൾ ആ സംഘടനയ്ക്ക് ഒരു ജാതിയുമായി ബന്ധപ്പെട്ട പേര് നൽകുകയല്ല ചെയ്തത്. മറിച്ച് ഒരു ജാതിയുടെയും പേരുപറയാതെ ശ്രീനാരായണധർമത്തിന്റെ പേര് നൽകുകയാണ് ചെയ്തത്. സർവമത സമ്മേളനം എന്ന സങ്കൽപ്പം മുന്നോട്ടുവയ്ക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു ശ്രീനാരായണഗുരു.
ചാതുർവർണ്യത്തിന്റെ തേർവാഴ്ചയിൽ ഞെരിഞ്ഞമർന്നുകിടന്നിരുന്ന ഒരു സമൂഹത്തെ ആത്മാഭിമാനം പകർന്ന് ഉയർത്തിയെടുക്കുകയും നവോത്ഥാനത്തിന്റെ വെളിച്ചത്തിലൂടെ നയിച്ച് ഉയർത്തിക്കൊണ്ടുവരികയുമാണ് അദ്ദേഹം ചെയ്തത്. അങ്ങനെ കേരളത്തിന്റെയാകെ സാമൂഹിക മുഖച്ഛായ മാറ്റിയെടുക്കുകയാണു ഗുരു ചെയ്തത്.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രവർത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങൾക്കെതിരെയുള്ള പ്രവർത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവർത്തനം. ഈ മൂന്ന് പ്രവർത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകൻ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഈ സമൂഹത്തെ മാറ്റിമറിക്കാൻ സന്ദേശങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ഇടപെടുകയായിരുന്നു ഗുരു.
ഇന്ത്യൻ മതനിരപേക്ഷതയ്ക്കുമേൽ വർഗീയതയുടെ കാർമേഘങ്ങൾ പടരുന്ന കാലമാണിത്. ഈ ഘട്ടത്തിൽ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കായി പുനരർപ്പണം നടത്തുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മതനിരപേക്ഷ മൂല്യങ്ങൾ മുൻനിർത്തിയുള്ള പോരാട്ടങ്ങൾക്ക് വേണ്ടത്ര ഊർജം പകരുന്നരുണ്ട് ശ്രീനാരായണ ഗുരുവിന്റെ സ്മൃതികൾ. അതിൽനിന്ന് പ്രസരിക്കുന്ന മതാതീതമായ മാനവികതയുടെ സന്ദേശം ലോകത്താകെ പടരേണ്ടതുണ്ട്.
പുതിയ കാലത്തിനനുസരിച്ച് ഗുരുദർശനങ്ങളെ നവീകരിച്ചു, സമൂഹത്തിൽ പ്രയോഗിക്കണം. അതല്ലാതെ, ഗുരുദർശനങ്ങളെ സ്വാർത്ഥ താൽപര്യത്തിനനുസരിച്ച് സ്വകാര്യമായി ദുർവ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയല്ല വേണ്ടത്.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നാണു ഗുരു പറഞ്ഞത്. ഇതു ലോകത്തെക്കുറിച്ച് ആകെതന്നെയാണ്. ആ ആഗ്രഹത്തെ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോവുകയാണ് ചതയദിനത്തിൽ വേണ്ടത്. അന്താരാഷ്ട്ര തലത്തിലേക്ക് ആ സന്ദേശം എത്തിക്കണം.
അനാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും ജാതീയമായ ഉച്ചനീചത്വങ്ങളിൽനിന്നും മുക്തമായ ഒരു കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള പോരാട്ടങ്ങൾക്ക് എന്നും ഊർജം പകരും ഗുരുസ്മൃതിയും ചതയദിനാഘോഷങ്ങളുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related posts

സംസ്ഥാനത്ത് ഇന്ന് 2211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും വലിച്ചെറിയൽ മുക്ത ക്യാമ്പസായി മാറും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ജിഎസ്‌ടി : 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ഇ- ഇൻവോയ്‌സിങ്

Aswathi Kottiyoor
WordPress Image Lightbox