കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമെന്ന് കേന്ദ്ര സർക്കാർ. ഈ വര്‍ഷം 18 വയസിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കും. 18 നും 45 നും ഇടയില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത് 14 ശതമാനം പേര്‍ക്കാണ്.
നേരത്തെ കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌തംബറോടെ തയ്യാറാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്‌ടര്‍ പ്രിയ എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു.
കുട്ടികളില്‍ രോഗം ബാധിക്കുന്ന സാഹചര്യം കുറവാണെന്നും കുട്ടികളിലെ വാക്‌സിനേഷന്‍ സ്‌കൂള്‍ തുറക്കുന്നതിനെ ബാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയതിനു ശേഷം സ്‌കൂളുകള്‍ തുറക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. അതേസമയം, വാക്‌സിനേഷനായി കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. കുട്ടികളില്‍ പരീക്ഷണം നടത്തിയ വാക്‌സിനുകളുടെ റിപ്പോര്‍ട്ട് ഡിസിജിഐ പരിശോധിക്കും.