കണ്ണൂര്‍: അന്തേവാസികള്‍ക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിന് പത്ത് ലക്ഷം രൂപ സഹായ സംഭാവന പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്.
ഉടന്‍ പണം കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഉടമ വ്യവസായി എം എ യൂസഫലി അറിയിച്ചു.
നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ അഗതിമന്ദിരത്തെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സഹായം പ്രഖ്യാപിച്ചത്.
തെരുവില്‍ അലയുന്നവര്‍, ആരോരും ഇല്ലാത്ത പ്രായമായവര്‍. മാനസീക വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ ഇങ്ങനെ സമൂഹത്തിന്‍റെ കരുതല്‍ വേണ്ട ആളുകളെ പാര്‍പ്പിക്കുന്ന ഇടമാണ് പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ളത്.
ഇവിടെ ഈ മാസം നാലിനാണ് ഒരാള്‍ക്ക് കൊവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി.
രണ്ടാഴ്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണം നൂറായി. അഞ്ചുപേര്‍ മരണമടയുകയും ചെയ്തു.
മാനസീക വെല്ലുവിളി നേരിടുന്ന കൊവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്.
സുമനസുകളുടെ കരുണയില്‍ കിട്ടുന്ന സംഭാവനയും ഭക്ഷണസാധനങ്ങളും കൊണ്ട് കഴിഞ്ഞിരുന്ന അഗതി മന്ദിരത്തില്‍ ഇപ്പോള്‍ കൊവിഡായതിനാല്‍ സഹായത്തിനും ആരും എത്താത്ത സാഹചര്യമായിരുന്നു.
ദുരിതാവസ്ഥ പുറത്ത് വന്നതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു.
മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.