ഓണക്കാലത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 2000 നാടൻ കർഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് പാളയം ഹോർട്ടികോർപ്പ് വിപണിയിൽ നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കൃഷി മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും. നാളെ മുതൽ 20വരെയാണ് വിപണികൾ സംഘടിപ്പിക്കുന്നത്. കൃഷിഭവനുകൾ മുഖാന്തരം 1350 വിപണികളും ഹോർട്ടികോർപ്പിന്റെ 500 വിപണികളും വി.എഫ്.പി.സി.കെയുടെ 150 വിപണികളും ഇതിലുൾപ്പെടും.എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന വിപണികളിലേക്ക് ആവശ്യമായ പഴം പച്ചക്കറി ഉത്പന്നങ്ങൾ അതത് ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കും. 100 രൂപ വിലയുള്ള പച്ചക്കറി കിറ്റുകളും ഉണ്ടാകും. മറയൂർ ശർക്കര,മറയൂർ വെളുത്തുള്ളി, കേര വെളിച്ചെണ്ണ, തേൻ,കൃഷിവകുപ്പ് ഫാമുകളുടെ ഉത്പന്നങ്ങൾ, വട്ടവട കാന്തല്ലൂർ പച്ചക്കറികൾ എന്നിവയും വില്പനയ്ക്കുണ്ടാകും.