32.8 C
Iritty, IN
February 23, 2024
  • Home
  • Kerala
  • കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായി സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു
Kerala

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായി സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു

കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക പദ്ധതി സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവർക്കാണ് നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടപാടുകാർക്ക് ഇളവു നൽകി കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.
ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ നൽകും. വായ്പയെടുത്തയാൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശികൾ ഇളവ് നൽകി കുടിശിക ഒഴിവാക്കാനും അവസരം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാർച്ച്31 വരെ പൂർണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. വിശദമായ മാർഗരേഖ സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചു.
കാൻസർ, പക്ഷാഘാതം, എയ്ഡ്സ്, ലിവർ സിറോസിസ്, ക്ഷയം, ചികിത്സിച്ചു മാറ്റാൻ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവർക്കും ഹൃദ്‌രോഗ ശസ്ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചികിത്സ നടത്തുന്നവർ, അപകടത്തെ തുടർന്ന് കിടപ്പിലായവർ എന്നിവർക്കും പരമാവധി ഇളവുകൾ നൽകും. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകൾ നിശ്ചയിക്കുക. മാതാപിതാക്കളുടെ പേരിലുള്ള വായ്പകൾക്ക് അവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ സമാനമായ ഇളവുകൾ നൽകും. എല്ലാ വായ്പകൾക്കും ഒത്തുതീർപ്പിന് തയ്യാറായാൽ പിഴ പലിശ പൂർണമായും ഒഴിവാക്കും. കോടതി ചെലവുകൾ ഈടാക്കുന്നത് സംബന്ധിച്ച തീരുമാനം അതത് ഭരണസമിതികൾക്ക് തീരുമാനിക്കാം.
തുകയുടെ അടിസ്ഥാനത്തിൽ വായ്പകളെ തരംതിരിച്ചാണ് ഇളവുകൾ നൽകുന്നത്. പരമാവധി 30 ശതമാനം വരെ ഇളവുകൾ ലഭിക്കും. 2020 ഏപ്രിൽ ഒന്ന് മുതൽ കൃത്യമായി തിരിച്ചടച്ചവർക്ക് നടപ്പ് സാമ്പത്തിക വർഷം അടച്ച പലിശയിൽ ഇളവു നൽകും. പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബാങ്കുകളിൽ നിന്നും 2018-2019 കാലയളവിൽ എടുത്ത വായ്പകൾക്ക് പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണ സംഘം തലം മുതൽ ജില്ലാ തലം വരെ ഉദ്യോഗസ്ഥരും ഭാരവാഹികളും ഉൾപ്പെട്ട സമിതികൾ രൂപീകരിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു. അദാലത്തുകൾ മുൻകൂട്ടി നിശ്ചയിച്ച് ഇടപാടുകാരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

Related posts

കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം 26ന്*

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് 20ന്; ഇന്ന്‌ കൊട്ടിക്കലാശം

Aswathi Kottiyoor

വിമാന ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി ; ഡിസംബർ 20 മുതൽ ആറിരട്ടിവരെ വർധന, നീക്കം ക്രിസ്‌മസ്‌, പുതുവത്സരം മുന്നിൽക്കണ്ട്

Aswathi Kottiyoor
WordPress Image Lightbox