വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം സുഗമമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന വാടക നിരക്ക്, പി.ഡബ്‌ള്യു.ഡി നിരക്കിനേക്കാൾ അമ്പത് ശതമാനം വരെ വർധിപ്പിച്ചുനൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചു.
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരാൾ പോലും വിശന്നിരിക്കരുത് എന്ന കരുതലിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച്, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലുകൾ വഴി 20 രൂപയ്ക്കാണ് ഉച്ചയൂണ് ലഭ്യമാക്കുന്നത്. ആലംബമറ്റവർക്ക് സൗജന്യമായും ജനകീയ ഹോട്ടലിലൂടെ ഭക്ഷണം നൽകുന്നുണ്ട്. വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾക്കുള്ള വാടക തദ്ദേശ സ്ഥാപനങ്ങളാണ് നൽകുന്നത്. വൈദ്യുതി ചാർജ്ജും വാട്ടർ ചാർജ്ജും ഇതിനൊപ്പം വഹിക്കുന്നുണ്ട്. കെട്ടിട വാടക പി.ഡബ്‌ള്യു.ഡി നിരക്കിൽ നിജപ്പെടുത്തുമ്പോൾ വാടക തീർത്തടക്കാൻ പറ്റാത്ത അവസ്ഥ പല സ്ഥലങ്ങളിലും ഉണ്ടായത് മനസിലാക്കിയാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.