പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും.
റജിസ്ട്രേഷന് ഏകജാലക സംവിധാനം വരും. വാഹനം പൊളിക്കാൻ 70 പുതിയ കേന്ദ്രങ്ങൾ തുടങ്ങും. ഓട്ടമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക ചുവടുവയ്പാണ് പൊളിക്കൽ നയം. ഇതു രാജ്യത്തെ ഓട്ടമൊബീൽ മേഖലയ്ക്കു പുതിയ സ്വത്വം നൽകും. അയോഗ്യമായ വാഹനങ്ങൾ റോഡുകളിൽനിന്നു നീക്കം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കും. എല്ലാ മേഖലകളിലും ഏറെ മാറ്റം കൊണ്ടുവരികയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ നയം രൂപീകരിക്കുന്നതിലൂടെ ടെസ്റ്റിങ്, പൊളിക്കൽ കേന്ദ്രങ്ങളിലായി 35,000ത്തിലധികം തൊഴിലവസരങ്ങളും പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് ചെലവ് വാഹനത്തിന്റെ തരം അനുസരിച്ചായിരിക്കും. സ്വകാര്യവാഹനത്തിന്, 300-400 രൂപയും വാണിജ്യ വാഹനത്തിന് 1000-1500 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
2022 ഏപ്രിലോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 15 വർഷവും അതിനുമുകളിലും പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുമെന്ന് ഉപരിതല ഗതാഗത സെക്രട്ടറി ഗിരിധർ അരമനെ പറഞ്ഞു. പുതിയ രീതിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് വാണിജ്യ വാഹനങ്ങൾ 2023 ഏപ്രിൽ മുതൽ നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് 2024 ജൂൺ മുതൽ ഇതു നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും ചടങ്ങിൽ സംസാരിച്ചു.