പുതിയ ലോകത്തിനൊപ്പം നീങ്ങാന്‍ ഇന്ത്യ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായ മേഖലയിലുണ്ടായ മുന്നേറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുകയാണ്. രാജ്യം വ്യവസായ സൗഹൃദമായി തുടരുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)വാര്‍ഷിക സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘രാജ്യത്തെ എല്ലാ വ്യവസായങ്ങളും സ്ഥാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാണ്. എല്ലാവരുടേയും സഹകരണത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുകയാണ്. വ്യവസായ സൗഹൃദമായി തുടരുന്നതിലും നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.’
പുതിയ ലോകത്തിനൊപ്പം വളരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഒരു കാലത്ത് വിദേശനിക്ഷേപത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ എല്ലാത്തരം വിദേശനിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുകയാണ്. വിദേശനിക്ഷേപത്തില്‍ ചരിത്ര നേട്ടമാണ് രാജ്യം ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യശേഖരവും റെക്കോര്‍ഡ് ഉയരത്തിലാണുള്ളത്, പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തെ സാഹചര്യങ്ങള്‍ വളരെ പെട്ടന്നാണ് മാറുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളിലാണ് ഇന്ന് പൗരന്മാരുടെ താല്‍പര്യം. എന്നാല്‍ അതൊരു ഇന്ത്യന്‍ കമ്പനി തന്നെയാവണമെന്നില്ല. പക്ഷെ എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ലഭിക്കുകയെന്നാണ്. രാജ്യം അതിന് വേണ്ടതെന്താണെന്ന് തീരുമാനിച്ചുകഴിഞ്ഞു. വ്യവസായങ്ങള്‍ അതിന്റെ നയങ്ങളും തന്ത്രങ്ങളും ഇതിനനുസൃതമായി ഉണ്ടാക്കണം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍ മുന്നോട്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന വ്യാവസായ പ്രതിനിധികളോടായി പറഞ്ഞു.
കാര്‍ഷിക മേഖല ഒരു കാലത്ത് ഉപജീവന മാര്‍ഗ്ഗമായി മാത്രം കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്‍ഷിക മേഖലയിലെ ചരിത്രപരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യന്‍ കര്‍ഷകരെ ആഭ്യന്തര, ആഗോള വിപണികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.