33.3 C
Iritty, IN
February 25, 2024
  • Home
  • Kerala
  • സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് തുടക്കമായി
Kerala

സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് തുടക്കമായി

സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു.
കോവിഡ് മഹാമാരിക്കാലത്തും ജനങ്ങൾ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാൻ നമുക്ക് കഴിഞ്ഞതായി ഉദ്ഘാടനചടങ്ങിൽ നൽകിയ സന്ദേശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പട്ടിണി കുറയ്ക്കാനും വിഷമതകൾ ഒഴിവാക്കാനും സർക്കാർ പരമാവധി ശ്രമിച്ചു. സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് തന്നെ ഇതിനുദാഹരണമാണ്. സാമ്പത്തിക അടിത്തറ തകരുകയും ഭക്ഷ്യവിഭവങ്ങൾ കിട്ടാതെയുമുള്ള അവസ്ഥ പല നാട്ടിലുമുണ്ടായെങ്കിലും കേരളത്തിൽ അതില്ല.
കോവിഡിന്റെ ഒന്നാംഘട്ടത്തിൽ മരുന്നിനു മാത്രമല്ല, വിശപ്പിന്റെ കാര്യത്തിലും സർക്കാരിന്റെ കരുതലുണ്ടായിരുന്നു. ഇതിനായി കമ്യൂണിറ്റി കിച്ചനുകളും ജനകീയ ഹോട്ടലുകളും സംസ്ഥാനമാകെ പ്രവർത്തിച്ചു. ശേഷിയില്ലാത്തവർക്ക് സൗജന്യമായി നൽകി.
കോവിഡിന്റെ ഒന്നാംതരംഗത്തിന് ശേഷവും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാനായി. മാന്യരെന്ന് നടിക്കുന്ന ചിലർ അതിനെ പരിഹസിക്കാനും തുനിഞ്ഞു. ഒരുകാലത്ത് ആയിരങ്ങൾ പട്ടിണി കിടന്ന് മരിച്ച നാടാണ് നമ്മുടേതെന്ന ചരിത്രമറിയാത്തവരാണ് അവർ. അക്കൂട്ടരുടെ വിചാരം ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും പൊതുജനങ്ങൾക്ക് ഫേസ്ബുക്കിലൂടെയും ഇൻറർനെറ്റിലൂടെയും തനേ ലഭിക്കുമെന്നതായിരിക്കും. അത്തരക്കാരോട് സഹതപിക്കാനേ നിർവാഹമുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ വറുതിക്കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനുള്ള ചുമതല ലാഭനഷ്ടം നോക്കാതെ സർക്കാർ ഏറ്റെടുത്തു.
ഭക്ഷ്യധാന്യ വിതരണത്തിൽ മാത്രമല്ല, പൊതു വിപണിയിലും സർക്കാർ ഇടപെടലുണ്ടായി. ഈ നയം മുൻനിർത്തിയാണ് സിവിൽ സപ്ലൈസിൽ 70 പുതിയ വിൽപനശാലകൾ ആരംഭിച്ചതും 97 എണ്ണം നവീകരിച്ചതും. അതോടൊപ്പം സഹകരണമേഖലയുമായി യോജിച്ച് ഉത്വകാലങ്ങളിൽ പൊതുവിപണിയിൽ സർക്കാർ നേരിട്ട് ഇടപെട്ടു. ഇതിന്റെ ഭാഗമായാണ് ഉത്സവകാലങ്ങളിൽ വിലക്കയറ്റം അനുഭവപ്പെടാത്തതെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
മറ്റേത് സംസ്ഥാനത്തേക്കാളും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കേരളത്തിനായതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കാർഡുടമകൾക്ക് ഭക്ഷ്യധാന്യം കൃത്യമായി എത്തിക്കാൻ നടപടി സ്വീകരിച്ചു. ആരും പട്ടിണി കിടക്കാതിരിക്കാൻ അതിജീവനക്കിറ്റ് നൽകി. ഓണത്തിനുള്ള സ്പെഷ്യൽ കിറ്റ് ഇതിനകം 12,72,521 പേർ വാങ്ങിയതായാണ് കണക്ക്. അനർഹരിൽനിന്ന് തിരികെ വാങ്ങിയ മുൻഗണനാ കാർഡുകൾ അർഹർക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചു. ആദിവാസി മേഖലകളിൽ നേരിട്ട് റേഷൻ ഉത്പന്നങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗതാഗതമന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ ചെയർമാൻ അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതു വിതരണ ഡയറക്ടർ ഡോ: ഡി. സജിത്ത് ബാബു, മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും.
ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്സിഡി വില ചുവടെ (നോൺ സബ്സിഡി വില ബ്രാക്കറ്റിൽ): ചെറുപയർ- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വൻപയർ- 45 (80), തുവരൻ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).
വിപണന കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന ബ്രാൻറഡ് ഉത്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ഫെയർ 20 വരെ പ്രവർത്തിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 16 മുതൽ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം.

Related posts

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ; കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ്‌ രീതി കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക്‌ വിന

Aswathi Kottiyoor

ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളുടെ ‘കണക്കും ആസൂത്രണവും’: വിദഗ്ധസമിതി രൂപീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox