കണ്ണൂർ: കോവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച “ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതിക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. ഖാദി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് ഇതിനകം വിതരണം ചെയ്തത്.
ഈ കൂപ്പണുകളുമായി ഖാദി വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിയാല്‍ 30 ശതമാനം വിലക്കുറവില്‍ വിവിധ ഖാദി ഉത്പന്നങ്ങള്‍ ലഭിക്കും. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നതെന്ന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ കെ.വി. ഫാറൂഖ് അറിയിച്ചു.
തലശേരി ബിഇഎംപി സ്കൂളിലെ ഹാര്‍ട്ട് ബീറ്റ്സ് എന്ന പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 1000 രൂപയുടെ 200 കൂപ്പണുകള്‍ വാങ്ങും. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ എഡിഎം കെ.കെ. ദിവാകരന് നിര്‍വഹിക്കും. കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ താവക്കര കാന്പസില് ആരംഭിക്കുന്ന ഖാദി ഓണം മേള നാളെ രാവിലെ 10.30ന് വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.