കണ്ണൂര്‍: ജില്ലാ പഞ്ചായത്തിനു കീഴിലെ എല്ലാ വാർഡുകളിലും ഒരു ലൈബ്രറി എന്ന പദ്ധതിയുമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍. ആദ്യഘട്ടത്തില്‍ ആദിവാസി മേഖലയിലാണ് ഊന്നല്‍ നല്‍കുന്നത്. പിന്നോക്ക മേഖലയെ ഉയര്‍ത്തികൊണ്ടു വരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ കേന്ദ്രമായി ജില്ലാ മിഷനും തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പ്രാദേശിക മിഷനും മറ്റു ഉപസമിതികളും രൂപീകരിച്ചാണ് സംഘടനാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്. നിലവില്‍ വായനശാലകളില്ലാത്ത പഞ്ചായത്ത്, നഗരസഭ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഒരു വായനശാലയെങ്കിലും സ്ഥാപിക്കുക, സ്വന്തമായി കെട്ടിടമില്ലാത്ത വായനശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുക, ജില്ലക്കാകെ മാതൃകയാകുന്ന രീതിയില്‍ ഒരു വായനശാല മികവുറ്റതാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദേശിക്കുന്നതെന്ന് മിഷന് ചെയര്‍മാനായ വി.ശിവദാസന്‍ എംപി പറഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന് മഠത്തില്‍, കണ്‍വീനര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്, കോ-ഓർഡിനേറ്റര്‍ ടി.കെ. ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.