27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജോലിയുള്ള അമ്മമാരുടെ ജീവിതം കഠിനമെന്ന്‌ ഹൈക്കോടതി.
Kerala

ജോലിയുള്ള അമ്മമാരുടെ ജീവിതം കഠിനമെന്ന്‌ ഹൈക്കോടതി.

മാതൃത്വവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ ബദ്ധപ്പാട് ഒരു സ്ത്രീക്കുമാത്രമേ അറിയൂവെന്ന് ഹൈക്കോടതി. അമ്മയാകുന്ന സ്ത്രീയുടെ ജീവിതം കഠിനമാണെന്നും അവൾ ജോലിക്കാരിയാണെങ്കിൽ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർ പ്രസവാവധി നിഷേധിക്കുകയും അനധികൃത അവധിയിലാണെന്ന്‌ ആരോപിച്ച് പിരിച്ചുവിടുകയും ചെയ്ത യുവതിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

അവധി നിഷേധിച്ചെന്നും പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാണിച്ച്‌ കൊല്ലം ശിശുസംരക്ഷണ ഓഫീസിലെ കൗൺസലർ വന്ദന ശ്രീമേധയാണ് കോടതിയെ സമീപിച്ചത്. യുവതിയെ ഉടൻ തിരിച്ചെടുക്കാനും അവധി അപേക്ഷ പരിഗണിക്കാനും കോടതി വനിതാ–-ശിശു വികസനവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. 2016ൽ ദിവസവേതനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി, ഈവർഷം ജനുവരി 17 വരെ ജോലി ചെയ്തു. കുഞ്ഞ്‌ ജനിച്ചതിനെ തുടർന്ന് മൂന്നുമാസത്തെ അവധി ലഭിച്ചു. വീണ്ടും തുടർനിയമനം ലഭിച്ച യുവതി, മൂന്നുമാസംകൂടി അവധിക്ക് അപേക്ഷിച്ചു. 51 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടണമെന്ന് ഡോക്ടറുടെ നിർദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവധി അപേക്ഷ.

അപേക്ഷ തള്ളിയ ഡയറക്ടർ, അനധികൃത അവധിയിലാണെന്ന്‌ ആരോപിച്ച് പിരിച്ചുവിടുകയും പുതിയ നിയമനം നടത്താൻ ഉത്തരവിടുകയും ചെയ്‌തു.താൽക്കാലിക ജീവനക്കാർക്ക് ചട്ടപ്രകാരം കൂടുതൽ അവധിക്ക്‌ അവകാശമില്ലെന്നും അവധി ഒരു അവകാശമായി ജീവനക്കാർക്ക് ഉന്നയിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. അമ്മയുടെ സാന്നിധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാകില്ലെന്നും അതുകൊണ്ടാണ് അമ്മമാർക്ക് പ്രസവാവധി അനുവദിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

സാഹചര്യം വിലയിരുത്തി അവധി അനുവദിക്കേണ്ടതിനുപകരം ഹർജിക്കാരിയെ പിരിച്ചുവിട്ട നടപടി അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി വിലയിരുത്തി. ഒഴിവ്‌ നികത്തിയിട്ടില്ലെന്നും ഹർജിക്കാരിക്ക് താൽപ്പര്യമുണ്ടെങ്കിൽ തുടരാമെന്നും അവധിക്കാലത്തെ ശമ്പളം നൽകാനാകില്ലെന്നും സർക്കാർ അറിയിച്ചു. അവധി അപേക്ഷ പരിഗണിക്കാനും യുവതിയെ കേട്ട് രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. ഈവർഷം മാർച്ച് 23നുശേഷമുള്ള യുവതിയുടെ സർവീസ് ക്രമപ്പെടുത്തുന്നത് പരിഗണിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും.

Aswathi Kottiyoor

അതിവേഗ റെയില്‍; സ്ഥലമേറ്റെടുക്കല്‍ വേഗത്തില്‍

Aswathi Kottiyoor

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

Aswathi Kottiyoor
WordPress Image Lightbox