സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ജൂലായ്- ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഓണാഘോഷത്തിന്റെ ഭാഗമായാണ് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 3200 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. അന്തിമ പട്ടിക പ്രകാരം 48,52,098 പേര്‍ക്കാണ് ഓഗസ്റ്റില്‍ പെന്‍ഷന്‍ ലഭിക്കുക. അനുവദിച്ച തുക വ്യാഴം, വെള്ളി ദിവസങ്ങളിലായി ബാങ്കുകള്‍ക്ക് കൈമാറും. 24.85 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും ശേഷിക്കുന്നവര്‍ക്ക് സഹകരണ ബാങ്ക് വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കും.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അതേനിരക്കില്‍ ഈ വര്‍ഷവും ബോണസ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് 8.33 ശതമാനം ആയിരിക്കും ബോണസ്. 24000 രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ബോണസിന് അര്‍ഹത.