തളിപ്പറമ്പ് താലൂക്ക് ഓഫീസ് ചരിത്ര സ്മാരകമായി നിലനിര്‍ത്തി പുതിയ റവന്യൂ ടവര്‍ സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കാതെ പുരാവസ്തു കേന്ദ്രമാക്കി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മദ്രാസിന്റെ ഭാഗമായിരുന്ന കാലത്ത് പാലക്കാട്, മലപ്പുറം, തൃശൂരിന്റെ ഒരുഭാഗം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവ ഉള്‍പ്പെട്ട പ്രദേശമായിരുന്നു മലബാര്‍. അക്കാലത്തെ പ്രധാന റവന്യൂ ഓഫീസായിരുന്നു തളിപ്പറമ്പിലേത്. ആധുനിക തളിപ്പറമ്പ് ആയപ്പോഴും ഇവിടെ തന്നെയാണ് എല്ലാ പ്രധാന ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ തന്നെ പുതിയ തലമുറയ്ക്ക് പഠനവിധേയമാക്കാവുന്ന കേന്ദ്രമായി ഇതിനെ മാറ്റും. കാലതാമസമില്ലാതെ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് 55ലക്ഷം രൂപയാണ് അനുവദിച്ചത്. ആവശ്യമെങ്കില്‍ ഇനിയും തുക വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കളക്ടര്‍ ടി.വി.സുഭാഷ്, ആര്‍ഡിഒ ഇ.പി.മേഴ്സി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന്, തഹസില്‍ദാര്‍ ഭാസ്കരന് തുടങ്ങിയവരും മന്ത്രിയുടെ കൂടെ താലൂക്ക് ഓഫീസ് സന്ദര്‍ശിച്ചു.