സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച പ്രത്യേക കോവിഡ‍് പാക്കേജിൽ കെഎഫ്‌സി വായ്‌പകളും പുനഃക്രമീകരിച്ചു. റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാകാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശയോ ഈടാക്കില്ല. മൂവായിരത്തോളം വായ്‌പയ്‌ക്ക് പ്രയോജനമുണ്ടാകും.
20 ശതമാനം അധിക വായ്‌പ
പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങൾക്ക് 20 ശതമാനം അധിക വായ്‌പ നൽകും. കഴിഞ്ഞവർഷം 20 ശതമാനം അനുവദിച്ചിരുന്നു. കെഎഫ്സിയുടെ പദ്ധതിയാണ് ഇത്. തിരിച്ചടവിന് 24 മാസം സാവകാശമുണ്ടാകും.കാലയളവിലെ പലിശ വായ്പയിൽനിന്ന് തിരിച്ചടയ്‌ക്കാം. 400 സംരംഭങ്ങൾക്ക് ആനുകൂല്യം ഉറപ്പാക്കാൻ 450 കോടി വകയിരുത്തി.
കോവിഡ് പ്രതിരോധ സ്ഥാപനങ്ങൾക്ക് സഹായം
കോവിഡ് പ്രതിരോധ ഉൽപ്പന്ന നിർമാണ സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്‌പ നൽകും. ആരോഗ്യപരിപാലനവും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകൾക്കെല്ലാം അർഹതയുണ്ടാകും. മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ 50 ലക്ഷംവരെ ഏഴു ശതമാനം പലിശയ്‌ക്ക് ലഭിക്കും. തിരിച്ചടവ് കാലാവധി അഞ്ചുവർഷം. ഉയർന്ന വായ്‌പയ്‌ക്ക് പലിശനിരക്ക് മാറും. തിരിച്ചടവ് കാലാവധി 10 വർഷവും. 50 സംരംഭത്തിനായി 100 കോടി വകയിരുത്തി.
പലിശയിളവ്
ചെറുകിട വ്യവസായം, ആരോഗ്യപരിപാലനം, ടൂറിസംമേഖലയിലെ യൂണിറ്റുകൾക്ക് വായ്‌പാ പലിശ കുറച്ചു. 9.5ൽ നിന്ന് എട്ടു ശതമാനമാക്കി. ഉയർന്ന നിരക്ക് 12ൽ നിന്ന് 10.5 ശതമാനമാക്കി. പലിശനിർണയത്തിന് റേറ്റിങ് അടിസ്ഥാനമാക്കും. ജൂലൈ ഒന്നുമുതൽ ആനുകൂല്യം നടപ്പാക്കും. കഴിഞ്ഞവർഷം റിസർവ് ബാങ്ക് നയമാറ്റങ്ങളെത്തുടർന്ന് ഈടാക്കേണ്ടിവന്ന അധിക പലിശ മടക്കിനൽകുമെന്നും മന്ത്രി അറിയിച്ചു.