കേളകം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പുതുക്കിയ നിർദേശത്തേക്കുറിച്ചുള്ള വനംമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾക്ക് ആശങ്ക. സണ്ണി ജോസഫ് എംഎൽഎയുടെ സബ്മിഷന് മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ മറുപടിയാണ് ബഫർ സോൺ ഭീഷണി നേരിടുന്ന ആറളം, കേളകം, കൊട്ടിയൂർ മേഖലകളിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. മന്ത്രി നൽകിയ മറുപടി പ്രകാരം നിലവിൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച കരട് വിജ്ഞാപന ഭേദഗതി ആവശ്യത്തിൽ ബഫർ സോൺ കുറയ്ക്കണമെന്ന നിർദേശമില്ല. ഇതോടെ ജനവാസമേഖലയിൽ ബഫർസോൺ സീറോ പോയിന്റാക്കി കുറയ്ക്കണമെന്ന ജനകീയ കർമസമിതിയുടെ ആവശ്യം നടപ്പാകാനിടയില്ല.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ ബഫർ സോൺ 22.34 ചതുരശ്ര കിലോമീറ്ററിൽനിന്ന് 12.91 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുള്ളതും ആറളം വന്യജീവി സങ്കേതത്തിലെ ബഫർ സോൺ 12.4 ചതുരശ്ര കിലോമീറ്ററിൽനിന്ന് 10.136 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുള്ളതുമായ കരട് ഭേദഗതി നിർദേശങ്ങളാണ് കേന്ദ്രത്തിന് സമർപ്പിച്ചതെന്ന് വനം മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽത്തന്നെ ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ 10.136 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂരിന്റേത് 12.91 ചതുരശ്ര കിലോമീറ്ററും മാത്രമാണ്.
2016 ഏപ്രിൽ അഞ്ചിന് കേന്ദ്രം പുറത്തിറക്കിയ ആറളത്തിന്റെ കരട് വിജ്ഞാപനത്തിലായിരുന്നു 12.4 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ഉണ്ടായിരുന്നത്. ഇത് 2020 ലെ പുതുക്കിയ കരട് വിജ്ഞാപനത്തിൽത്തന്നെ 10.136 ചതുരശ്ര കിലോമീറ്ററായി കുറച്ചതാണ്. കൊട്ടിയൂരിന്റെ കാര്യത്തിൽ 2016 സെപ്റ്റംബർ 15ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് 22.34 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ഉണ്ടായിരുന്നത്. 2020ലെ ഭേദഗതിയിൽത്തന്നെ ഇതും 12.91 ചതുരശ്ര കിലോമീറ്ററായി കുറച്ചതായിരുന്നു.
കഴിഞ്ഞവർഷം വരുത്തിയ ദേദഗതിപ്രകാരവും ജനവാസമേഖലകൾ ബഫർ സോണിൽ ഉൾപ്പെടുമെന്നതിനാൽ ഇത് അംഗീകരിക്കാൻ പ്രദേശത്ത ജനങ്ങൾ തയാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞവർഷം ജനകീയസമിതിയുടെ ആവശ്യപ്രകാരം പുതുക്കിയ ഭേദഗതിനിർദേശം കേന്ദ്രത്തിന് നൽകിയിരുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ കാര്യത്തിൽ നിർദേശങ്ങൾ ഏറെക്കുറെ അംഗീകരിച്ചിരുന്നു. എന്നാൽ ആറളത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ഭേദഗതി ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിച്ചില്ല. ഇതിനെതിരേയായിരുന്നു എംഎൽഎ, ആറളം വൈൽഡ് ലൈഫ് വാർഡൻ എന്നിവരുൾപ്പെടെ ജനകീയ സമിതി യോഗം ചേർന്ന് വീണ്ടും ഭേദഗതി നിർദേശം സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. എന്നാൽ ഈ നിർദേശങ്ങൾക്ക് വിരുദ്ധമായി കഴിഞ്ഞ വർഷംതന്നെ കേന്ദ്രം അംഗീകരിച്ച ആവശ്യങ്ങളാണ് സംസ്ഥാന വനം മന്ത്രി വീണ്ടും ഉന്നയിച്ചിരിക്കുന്നതെന്ന് സബ്മിഷൻ മറുപടിയിൽ വ്യക്തമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.
previous post