25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുക്രയിട്ട് പാഞ്ഞുവന്നു, തേറ്റകൊണ്ട് തുടരെ കുത്തി; ഒടുവിൽ കാട്ടുപന്നിക്ക് ‘മരണ വിധി.
Kerala

മുക്രയിട്ട് പാഞ്ഞുവന്നു, തേറ്റകൊണ്ട് തുടരെ കുത്തി; ഒടുവിൽ കാട്ടുപന്നിക്ക് ‘മരണ വിധി.

കാട്ടുപന്നിയെ കറിവച്ചു കഴിച്ചയാൾ അറസ്റ്റിൽ’ എന്നൊരു വാർത്തയ്ക്കൊപ്പം ഏതാനും വനപാലകർക്കു നടുവിൽ തലകുനിച്ചുനിൽക്കുന്നൊരു വയോധികന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കോടികളുടെ മരം കൊള്ള നടത്തിയവരെ പിടിക്കാൻ കഴിയാത്തവർ കാട്ടുപന്നിയെ കൊന്നെന്ന പേരിൽ ഒരു വൃദ്ധകർഷകനെ പിടികൂടി വീരസ്യംകാട്ടുന്നു’ എന്ന പ്രതികരണത്തോടെയാണ് ഈ ചിത്രം പ്രചരിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ദിവസേന കൃഷിയും ജീവനും നഷ്ടപ്പെടുന്ന കേരളത്തിലെ കർഷകരുടെ രോഷപ്രകടനമാണ് ഈ പ്രതികരണത്തിൽ പ്രകടമായത്. ഇതിനടുത്ത ദിവസം തന്നെയാണ് കർഷകർക്ക് ആശ്വാസമായൊരു ചരിത്രവിധി ഹൈക്കോടതിയിൽനിന്നുണ്ടായത്. കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ കർഷകരെ അനുവദിക്കണം എന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഉത്തരവിട്ടത്.തോമസാണ് ആ ഹർജിക്കാരൻ
കർഷകരുടെ ദീർഘനാളായുള്ള ജീവന്മരണപ്രശ്നം പരിഹരിക്കാൻ വഴിതുറക്കുന്ന ഈ വിധിക്ക് കാരണമായത് പത്തനംതിട്ട ഇലന്തൂർ ഒറ്റപ്ലാവുനിൽക്കുന്നതിൽ തോമസ് തോമസിന്റെ ഹർജിയാണ്. ഒപ്പം മറ്റു ജില്ലകളിൽനിന്നുള്ള ഹർജികളും കോടതി പരിഗണിച്ചു. 71 വയസ്സുള്ള തോമസ് കഴിഞ്ഞ വർഷം കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ് മാസങ്ങളോളം ചികിത്സയിൽ കഴിയുകയും ഇന്നും അതിന്റെ ആഘാതങ്ങളും പേറി ജീവിക്കുകയും ചെയ്യുന്നയാളാണ്. ഇലന്തൂർ വലിയവട്ടത്തുള്ള വീട്ടിൽ തോമസിന്റെ മകളുടെ ഭർത്താവായ നികരിക്കാലായിൽ ജയിംസിനൊപ്പമാണ് തോമസിനെ കണ്ടത്.ശാരീരികബുദ്ധിമുട്ടുകളുള്ള തോമസിന് ഹൈക്കോടതിയിൽ ഹർജി നൽകാൻ പിന്തുണയുമായി ജയിംസുമുണ്ടായിരുന്നു. പട്ടാപ്പകൽ അപ്രതീക്ഷിതമായുണ്ടായ കാട്ടുപന്നി ആക്രമണത്തിന്റെ ഭീതി ഇപ്പോഴും ആ സംഭവം ഓർമിക്കുമ്പോൾ തോമസിന്റെ കണ്ണിൽ തെളിഞ്ഞുകാണാം. ഒപ്പം, കേരളത്തിലെ കർഷകർക്കെല്ലാം ആശ്വാസകരമായൊരു വിധിക്ക് താൻ കാരണക്കാരനായതിന്റെ ചാരിതാർഥ്യവും.
ജീവിതം മാറിമറിഞ്ഞ ദിവസം
സമീപത്തുള്ള മലകളിൽനിന്ന് റബർതോട്ടത്തിലൂടെ ഇറങ്ങിവരുന്ന കാട്ടുപന്നികൾ ഇടയ്ക്കിടെ ‘റൂട്ട് മാർച്ച്’ നടത്താറുള്ള വഴിയരികിലാണ് തോമസിന്റെ വീട്. കാർഷിക മേഖലയാണിവിടം. വാഴയും കപ്പയും ചേനയും ചേമ്പും പച്ചക്കറികളുമൊക്കെ വിളയുന്ന ചെറിയ ചെറിയ പുരയിടങ്ങൾ. അതിനപ്പുറത്ത് വിശാലമായ റബർ തോട്ടങ്ങൾ. 2020 ഒക്ടോബർ 28നു രാവിലെ 11 മണിയോടെ വീടിനു താഴെയുള്ള പറമ്പിൽനിന്ന് വിറകു ശേഖരിച്ച് വീട്ടുമുറ്റത്ത് അടുക്കിവയ്ക്കാനായി വരികയായിരുന്നു തോമസ്. മുറ്റത്തെത്തിയപ്പോൾ പിന്നിൽനിന്ന് മുക്രയിടുന്നതുപോലെ ഒരു ശബ്ദം കേട്ടതേ ഓർമയുള്ളു. പാഞ്ഞുവന്ന ഒറ്റയാൻ പന്നി പിന്നിൽനിന്നു കുത്തിവീഴ്ത്തി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ നിലത്തുവീണ തോമസിനെ പന്നി തലങ്ങും വിലങ്ങും ആക്രമിച്ചു. ചേമ്പും ചേനയും കുത്തിമറിക്കുന്നതുപോലെ തോമസിന്റെ കയ്യിലും കാലിലുമെല്ലാം തേറ്റകൊണ്ട് മാരകമായ മുറിവേൽപിച്ച് പന്നി പാഞ്ഞുപോയി. രക്തത്തിൽ കുളിച്ചുകിടന്ന തോമസിനെ ഒ.എം. വർഗീസ് എന്ന ഓട്ടോ ഡ്രൈവറാണ് കോഴഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിൽനിന്ന് ധാരാളം രക്തം വാർന്നുപോയിരുന്നു. ശരീരത്തിൽ പത്തോളം ഇടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ. 40 തുന്നലുകളാണ് വേണ്ടിവന്നത്. കുത്ത് പിന്നിൽനിന്നായതുകൊണ്ടാണു ജീവൻ തിരിച്ചുകിട്ടിയത്. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. പിന്നെ വീട്ടിൽ അഞ്ചു മാസത്തോളം കിടപ്പായിരുന്നു. അതിനുശേഷമാണ് എഴുന്നേറ്റു നടക്കാറായത്. മുറിവുകൾ കരിഞ്ഞെങ്കിലും മാരകമായ ആക്രമണം പ്രായമായ ശരീരത്തെ വല്ലാതെ ബാധിച്ചു. ഇപ്പോഴും ഇടയ്ക്കിടെ വേദനയുണ്ടാകും. കൈകാലുകൾക്ക് ബലക്ഷയം അനുഭവപ്പെടും. 35,000 രൂപയോളം ചികിത്സയ്ക്ക് ചെലവായി. വനംവകുപ്പിൽ നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത് 5000 രൂപ. പിന്നീടാണ് ജനപ്രതിനിധികളുടെയും കർഷക സംഘടനകളുടെയുമെല്ലാം പിന്തുണയോടെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മുറ്റത്തിറങ്ങാൻ ഇപ്പോഴും ഭയം
ഏതാനും വർഷങ്ങളായി കാട്ടുപന്നിശല്യമുള്ള മേഖലയാണ് ഇവിടം. ചേനയും ചേമ്പും വാഴയുമെല്ലാം കുത്തിമറിച്ച് കാട്ടുപന്നികൾ രാത്രികാലങ്ങളിൽ വിഹരിക്കാറുണ്ട്. പക്ഷേ, പകൽ സമയത്തെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. വീടിനു മുന്നിലുള്ള റോഡിലൂടെ ചെറുതായി നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്നു. ആക്രമണത്തിനുശേഷം ആ ശീലം നിർത്തി. ഇപ്പോഴും മുറ്റത്തിറങ്ങുമ്പോൾ ഒരു നടുക്കമുണ്ട്. തോമസിനു മാത്രമല്ല, കാട്ടുപന്നി ഭീഷണി നേരിടുന്ന മേഖലകളിലെല്ലാം കർഷകർ അനുഭവിക്കുന്ന നടുക്കമാണിത്. പത്തനംതിട്ടയും ഇടുക്കിയും വയനാടും അടക്കമുള്ള ജില്ലകളിലെ കാർഷിക– മലയോര മേഖലകളിലെല്ലാം ജനം കാലങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്. വനംവകുപ്പിന്റെ നാമമാത്ര നഷ്ടപരിഹാരമാണ് വന്യമൃഗ ഭീഷണിക്ക് ഇപ്പോഴും സർക്കാരിന്റെ പോംവഴി. ആക്രമണകാരിയായ കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് കഴിഞ്ഞ വർഷം സർക്കാർ ഇറക്കിയെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുങ്ങി പലയിടത്തും അത് അപ്രായോഗികമായ അവസ്ഥയിലാണ്. ഇപ്പോഴത്തെ ഹൈക്കോടതിവിധിയിൽ വലിയ പ്രതീക്ഷയാണ് കർഷകർ അർപ്പിച്ചിരിക്കുന്നത്. പക്ഷേ, വിധി കർഷകർക്ക് സഹായകരമാകുന്ന രീതിയിൽ നടപ്പാക്കാനുള്ള ആത്മാർഥത സർക്കാർ കാണിച്ചാൽ മാത്രമേ കർഷകർക്ക് ഗുണമുണ്ടാകൂ എന്ന് അവർ പറയുന്നു.

കാട്ടുപന്നിയെ കാണാത്ത കാലം
ഇപ്പോൾ കൃഷി ചെയ്യാനുള്ള ആരോഗ്യവും പറമ്പും ഇല്ലെങ്കിലും മുൻകാലങ്ങളിൽ കൃഷി ചെയ്തിരുന്നയാളാണ് തോമസ്. 30–40 വർഷങ്ങൾക്കു മുൻപ് കൃഷിചെയ്യുമ്പോൾ ഒരു വന്യമൃഗങ്ങളുടെയും ശല്യം ഈ ഭാഗത്തൊന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലയിൽതന്നെ റാന്നി, കോന്നി ഭാഗങ്ങളിൽ മാത്രമാണ് അക്കാലത്ത് കാട്ടുപന്നികൾ ഉണ്ടായിരുന്നത്. എന്നാലിന്ന് നഗരപ്രദേശങ്ങളിൽ വരെ കാട്ടുപന്നികൾ യഥേഷ്ടം വിഹരിക്കുന്നു. കാടുകയറിക്കിടക്കുന്ന റബർതോട്ടങ്ങളും മറ്റുമാണ് ഇവയുടെ താവളം. നാട്ടിൽത്തന്നെ പെറ്റുപെരുകുകയാണ് കാട്ടുപന്നികൾ. ഇലന്തൂർ ഭാഗത്ത് കാട്ടുപന്നികൾ ഇത്രയും പെരുകിയിട്ട് രണ്ടോമൂന്നോ വർഷങ്ങളേ ആയിട്ടുള്ളു. തോട്ടിൽനിന്ന് വെള്ളം കുടിക്കാനും മറ്റും ഇവ രാവിലെയും വൈകിട്ടും നിരനിരയായി എത്തുന്നതുകാണാം. റോഡിനു കുറുകെ ചാടുന്ന കാട്ടുപന്നികൾ ബൈക്ക്, ഓട്ടോ യാത്രക്കാർക്കൊക്കെ ഭീഷണിയാകാറുണ്ട്. രാവിലെ നാട്ടുവഴികളിൽ നടക്കാനിറങ്ങിയിരുന്നവർ പേടിച്ചാണ് ഇപ്പോൾ നടപ്പ്. ഭീതി മൂലം നടപ്പു നിർത്തിയവരും ധാരാളം. അടുത്തിടെയായി കുരങ്ങുകൾ വരെ നാട്ടിലെത്താറുണ്ടെന്ന് പുന്നയ്ക്കാട് താമസിക്കുന്ന ജെയിംസ് പറയുന്നു. ലോക്ഡൗൺ കാലത്ത് കൃഷിയിലേക്കിറങ്ങിയ വലിയൊരു വിഭാഗം ആളുകൾ പത്തനംതിട്ട ജില്ലയിലുണ്ട്. എന്നാൽ, കാട്ടുപന്നിക്കു മുന്നിൽ പലരും തോറ്റുപിന്മാറി. പല വിളകൾക്കും വിലത്തകർച്ചയോടെ വലിയ പ്രതിസന്ധിയും നേരിട്ടപ്പോൾ കൃഷിയിൽനിന്ന് കൂട്ടത്തോടെ പിന്മാറുകയാണ് കർഷകർ. കാർഷികകേരളത്തിന് ഒട്ടും ആശ്വാസ്യമല്ല ഈ പിന്മാറ്റം.
ജീവൻ കയ്യിൽപ്പിടിച്ച് കാവലിരിക്കുന്നവർ
കർഷകർക്കു മുഴുവൻ പ്രതീക്ഷയുണർത്തുന്നൊരു കോടതിവിധി താൻ മൂലം ഉണ്ടായതിലുള്ള സന്തോഷം തോമസിന്റെ മുഖത്തുണ്ട്. കാട്ടുപന്നിശല്യത്തിനു പരിഹാരമുണ്ടായില്ലെങ്കിൽ കർഷകരുടെ ജീവിതം പ്രതിസന്ധിയിൽപ്പെട്ട് ഒടുങ്ങുമെന്ന് തോമസ് പറയുന്നു. വായ്പയെടുത്താണ് പലരും കൃഷിചെയ്യുന്നത്. വളത്തിനും മറ്റും അമിതവിലയാണ് കൊടുക്കേണ്ടി വരുന്നത്. ഇത്തരം പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉൽപാദിപ്പിക്കുന്ന കാർഷികവിളകളാണ് വിളവെടുക്കാൻ കഴിയാതെ വന്യജീവികൾ ചവിട്ടിമെതിക്കുന്നത്. ഈ സാഹചര്യത്തിൽ കൃഷിചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആർക്കും കഴിയില്ലെന്നാണ് ഇലന്തൂരിനു സമീപം കുളത്തിങ്കൽപടിയിൽ സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും വാഴയും വെറ്റിലയുമൊക്കെ കൃഷി ചെയ്യുന്ന ജോർജ് മത്തായി എന്ന കൃഷിക്കാരൻ പറയുന്നത്. വെറ്റിലക്കൊടികളും അവയുടെ താങ്ങുകാലുകളുമെല്ലാം കാട്ടുപന്നിക്കൂട്ടം ഇടയ്ക്കിടെ വന്ന് നശിപ്പിക്കും. കപ്പകൾ കൂട്ടത്തോടെ പിഴുതു കളയും. വായ്പയെടുത്തു ചെയ്ത കൃഷി സംരക്ഷിക്കാൻ രാത്രിതോറും പറമ്പിൽ വന്ന് കാവലിരിക്കുകയാണ് ഈ കർഷകൻ. ജീവനുതന്നെ ഭീഷണിയാണെന്നറിയാം. എന്നാലും ജീവിതം തകരാതിരിക്കാൻ ഇങ്ങനെ കാവലിരുന്നേ മതിയാകൂ. കമ്പിവേലിയും തകരഷീറ്റുമടക്കം പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും കാട്ടുപന്നിയെ തടയാൻ കഴിയാതെ പരാജയപ്പെട്ടപ്പോഴാണ് അവയെ ഉന്മൂലനം ചെയ്യണമെന്ന ആവശ്യവുമായി കർഷകർ അധികൃതരുടെ ദയ കാത്തിരിക്കുന്നത്.
കച്ചിത്തുരുമ്പാണ് ഈ വിധി
കാട്ടുപന്നികളോട് പൂർവവൈരാഗ്യം ഉള്ളവരൊന്നുമല്ല കർഷകർ. കാട്ടുമൃഗങ്ങളെ കൊല്ലാൻ തക്കം പാർത്തു നടക്കുന്നവരുമല്ല. പക്ഷേ, പകലന്തിയോളം അധ്വാനിച്ച് കൃഷിചെയ്തുണ്ടാക്കിയ വിളകൾ ഒറ്റ രാത്രികൊണ്ട് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെയിറങ്ങി കുത്തിനശിപ്പിക്കുമ്പോൾ ഇല്ലാതാകുന്നത് കർഷകരുടെ ജീവിതാർഗമാണ്, മറ്റേതൊരു തൊഴിൽമേഖലയും പോലെ കൃഷിചെയ്തുകിട്ടുന്ന വരുമാനംകൊണ്ട് ജീവിക്കാനുള്ള അവരുടെ അവകാശമാണ്, സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും വന്യമൃഗങ്ങളെ പേടിക്കാതെ ഇറങ്ങിനടക്കാനുള്ള അവരുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം അവർക്ക് തിരിച്ചുകിട്ടാനുള്ള കച്ചിത്തുരുമ്പാണ് പുതിയ ഹൈക്കോടതിവിധി. ഈ ഉത്തരവ് യഥാവിധി നടപ്പാക്കാൻ സർക്കാർ തയാറാകുമോ എന്നാണ് എല്ലാ കർഷകർക്കുമൊപ്പം തോമസും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Related posts

സംരക്ഷിത പ്രദേശത്തെ കെട്ടിടങ്ങൾ: പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും

Aswathi Kottiyoor

തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവിൽ നടപടി; രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor

ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകാൻ വിദേശ വിദ്യാർഥികളോട് ഗവർണർ

Aswathi Kottiyoor
WordPress Image Lightbox