അങ്കണവാടി ജീവനക്കാർവഴി കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കുറവുകളും പ്രശ്‌നങ്ങളും നേരത്തേ കണ്ടെത്തി പരിഹരിക്കാൻ സംസ്ഥാന സർക്കാർ. കുഞ്ഞുങ്ങൾക്ക് ഇത്തരം പ്രശ്‌നമുണ്ടാകാനുള്ള സാധ്യത അതിവേഗം കണ്ടെത്തി ഇടപെടുകയും പരിഹരിക്കുകയുമാണ് ലക്ഷ്യം. വനിത ശിശുവികസനവകുപ്പ് തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റു (സിഡിസി)മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാദേശികമായി കുഞ്ഞുങ്ങളും അച്ഛനമ്മമാരുമായി നേരിട്ട് ബന്ധമുള്ളവർ എന്നതിനാൽ അങ്കണവാടി ജീവനക്കാർക്ക് ഇക്കാര്യത്തിൽ പരിശീലനം നൽകും. ഇതിനായി സിഡിസി രണ്ടുതരം ട്രിവാൻഡ്രം ഡെവലപ്‌മെന്റ് ചാർട്ടിന് രൂപം നൽകി. മൂന്നുവയസ്സുവരെയുള്ളവർക്കും മൂന്നുമുതൽ ആറുവരെ പ്രായക്കാർക്കും. ഓരോ പ്രായത്തിലും കുട്ടികൾ ആർജിക്കേണ്ട കഴിവുകൾ നേടിയില്ലെങ്കിൽ ഇവയുടെ സഹായത്തോടെ തിരിച്ചറിയാനാകും. യഥാസമയം ചികിത്സയ്‌ക്കായി അതിനനുസൃതമായ ആശുപത്രിയിലേക്ക് മാറ്റാൻ നടപടിയെടുക്കും. തുടർന്നും ആവശ്യമായ പിന്തുണ നൽകും.
ആദ്യഘട്ടത്തിൽ ശിശുവികസന ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കുമാകും പരിശീലനം. ഇവർ അങ്കണവാടി ജീവനക്കാരെ പരിശീലിപ്പിക്കും. കോവിഡ് വ്യാപനം കുറഞ്ഞാൽ പരിശീലനം ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതി.