കുട്ടികൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ ഡിജിറ്റൽ ഉപകരണങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ സേവനദാതാക്കളോടു നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ഡാർക്നെറ്റ് പോലെയുള്ള പ്ലാറ്റ്ഫോമുകൾ കുട്ടികൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. പടിപടിയായി അടിമപ്പെടുത്തുന്ന പ്രവണതയും ലൈംഗിക ചൂഷണവും നടക്കുന്നുണ്ട്. ദുരുപയോഗിക്കാൻ ഇടയുള്ള ഗെയിമുകളും മറ്റ് ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യാൻ സേവനദാതാക്കൾക്കു കഴിയും. യുഎഇയിൽ ചില ആപ്പുകൾ ഇല്ലാതെയാണു ഫോൺ ഇറങ്ങുന്നത്. അതുപോലെ ഇവിടെയും നടക്കും. രാജ്യത്തിന്റെ നിയമമായി ഇതു കൊണ്ടുവരാനാകണം. കുടുംബം കൂടുതൽ ജാഗ്രത പുലർത്തണം.
സൈബർ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുന്നതിനു 19 സൈബർ പൊലീസ് സ്റ്റേഷനുകൾ, മൂന്നു സൈബർ ഡോമുകൾ, ഹൈടെക് സൈബർ ക്രൈം എൻക്വയറി സെൽ എന്നിവ സംയോജിപ്പിച്ചു സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ആരംഭിക്കും. സാങ്കേതിക സഹായം നൽകുന്നതിനായി സൈബർ ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി ഡിവിഷൻ ആലോചനയിലുണ്ട്. ഡ്രോൺ സാങ്കേതിക വിദ്യയെക്കുറിച്ചു വിശദമായി പഠിക്കാൻ ഡ്രോൺ ഫൊറൻസിക് ആൻഡ് റിസർച് സെന്ററും ഡ്രോണുകളുടെ സഞ്ചാരപഥം ശാസ്ത്രീയമായി പരിശോധിക്കുന്നതിനു ഡ്രോൺ ഫൊറൻസിക് ലാബും ആരംഭിക്കും.