ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളിൽ പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീം കോടതിയെ അറിയിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു
പുതിയ സ്‌കീം സംബന്ധിച്ച് സർക്കാരുമായി വകുപ്പ് തല ചർച്ച ആരംഭിച്ചതായി കെഎസ്ആർടിസി ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും, അഭിഭാഷകൻ ദീപക് പ്രകാശും സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോര്പ്പറേഷന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിനായി ഡിപ്പോകളുമായി ആശയവിനിമയം നടത്തി വരികയാണ്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാർ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കോര്പറേഷന് സുപ്രീംകോടതിയെ അറിയിച്ചു.
പുതിയ സ്‌കീം തയ്യാറാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണം എന്ന കോർപറേഷന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്ന് 1999 ൽ തൊഴിലാളി സംഘടനകളും, കോർപറേഷനും തമ്മിൽ ഒപ്പ് വച്ച കരാറിൽ വ്യക്തമാക്കിയിരുന്നു. ഹൈകോടതിയുടെ അഞ്ച് അംഗ ബെഞ്ചും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കണമെന്ന് ഉത്തരവിട്ടിരുന്നു.