പഠനശേഷം വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ നീക്കവുമായി യുഎസ്. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒപിടി) നിയമത്തിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ് ഗേറ്റ്സ് തുടങ്ങിയ അംഗങ്ങളാണ് യുഎസ് കോൺഗ്രസിൽ ആവശ്യം ഉന്നയിച്ചത്. വേതനം കുറച്ചു നൽകി വിദേശികളെ ജോലിക്ക് നിയമിക്കുന്നതിലൂടെ സ്വദേശികളുടെ അവസരം നഷ്ടപ്പെടുകയാണ്. ഒപിടി നിയമം സ്വദേശികൾ ചെയ്തിരുന്ന തൊഴിലുകൾ നശിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു.
അതിഥി തൊഴിലാളികൾക്ക് വേണ്ടിയാണ് ഒപിടി നടപ്പാക്കിയത്. 100,000 പേർക്ക് പഠനത്തിനു ശേഷം മൂന്നു വർഷം വരെ തൊഴിൽ ചെയ്യാൻ സാധിക്കും. വിദേശ തൊഴിലാളികൾക്ക് പേ റോൾ നികുത അടയ്ക്കേണ്ടതില്ല. അടയ്ക്കുന്നവരുണ്ടെങ്കിൽ സ്വദേശി തൊഴിലാളി അടയ്ക്കുന്നതിനേക്കാൾ 15% വരെ കുറവാണ്.
പഠനത്തിനുശേഷം ജോലി കണ്ടെത്താൻ അമേരിക്കക്കാർ ബുദ്ധിമുട്ടുകയാണെന്നും നേതാക്കൾ പറഞ്ഞു. അതിനാൽ ഒപിടി ഇല്ലാതാക്കണം. വിദ്യാർഥി പരിശീലനം എന്ന പേരിൽ വിദേശതൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.