കണ്ണൂര്‍: ഉത്തര മലബാറിലെ എട്ട് പുഴകളെയും ഒരു കായലിനെയും കോര്‍ത്തിണക്കി ആവിഷ്‌കരിച്ച ‘മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം’ പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തില്‍. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 17 ബോട്ട് ജെട്ടികളില്‍ ആറെണ്ണം ഉദ്ഘാടനംചെയ്തു. മറ്റുള്ളതിന്റെ ജോലികള്‍ പുരോഗമിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി വളപട്ടണം മുതല്‍ മലപ്പട്ടം മുനമ്പ് കടവ് വരെ ‘മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യൂസീന്‍ ക്രൂസ്’ എന്ന പ്രമേയത്തിലുള്‍പ്പെടുത്തി മലപ്പട്ടം മുനമ്പ് കടവ്, കോവുന്തല എന്നിവിടങ്ങളില്‍ വിഭാവനംചെയ്ത പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ ബോട്ട് ജെട്ടിയൊഴികെയുള്ള പ്രവൃത്തികളുടെ 90 ശതമാനവും പൂര്‍ത്തീകരിച്ചു. രണ്ട് ബോട്ട് ജെട്ടികള്‍, നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ്‌കോര്‍ട്ട്, കരകൗശല ഉത്പന്നങ്ങളുടെ നിര്‍മാണം തത്സമയം കാണുവാനും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുമായി കരകൗശല നിര്‍മാതാക്കള്‍ക്കായുള്ള ആലകള്‍, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാര്‍ഡുകള്‍, പ്രഭാത സവാരിക്കും മറ്റുമായി കരിങ്കല്‍ പാകിയ പുഴയോര നടപ്പാത, കരിങ്കല്‍ ഇരിപ്പിടങ്ങള്‍, സൗര വിളക്കുകള്‍, ചെറിയ വിശ്രമ കേന്ദ്രങ്ങള്‍ (ഗസീബോ) എന്നിവയാണ് മലപ്പട്ടം മുനമ്പ് കടവില്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ബോട്ട് ജെട്ടിയുടെ നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെയും മറ്റ് അനുബന്ധ നിര്‍മാണങ്ങളുടെത് കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.മലയോര മേഖലകളിലേക്കുള്ള കവാടം
കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാര്‍ പള്ളി എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരമാവുമ്പോഴേക്ക് ബോട്ട് ജെട്ടിയില്‍ തിരിച്ചെത്തിക്കും.
മലപ്പട്ടം ടൂറിസം സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാടന്‍ കലാരൂപങ്ങളായ കോല്‍ക്കളി, ഒപ്പന, തിരുവാതിരകളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കും.
മലപ്പട്ടം തെയ്യങ്ങളുടെയും നാടാണ്. ഫെബ്രുവരി തൊട്ട് മേയ് വരെ പ്രദേശത്ത് വിവിധ ഇടങ്ങളിലായി പലതരം തെയ്യങ്ങളാണ് അരങ്ങേറുന്നത്. പുഴയുമായി ബന്ധപ്പെട്ട ഐതിഹ്യം പറയുന്ന നീരാളമ്മ എന്ന തെയ്യം മലപ്പട്ടത്ത് മാത്രമാണുള്ളത്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശ സഞ്ചാരികളെ എന്നപോലെ തെയ്യം പ്രേമികളെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മലപ്പട്ടം ടൂറിസം സൊസൈറ്റിയുടെ ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.പുഷ്പജന്‍ പറഞ്ഞു.