കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച റിക്കാർഡ് വാക്സിനേഷൻ. 63,835 പേരാണ് വാക്സിനെടുത്തത്. 125 വാക്സിനേഷൻ സെന്ററുകളിൽനിന്നാണ് ഇത്രയും പേർ വാക്സിൻ സ്വീകരിച്ചത്.
119 ഗവ. വാക്സിനേഷൻ സെന്ററും ആറ് സ്വകാര്യ വാക്സിനേഷൻ സെന്ററും ഇതിൽ പെടുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സെന്റർ തേർത്തല്ലി എഫ്എച്ച്സിയാണ്. ഇവിടെ 1,157 പേർക്കു വാക്സിൻ നൽകി.
പിണറായി ആർ.സി അമല യുപി സ്കൂളിൽ 1,065 പേർക്കും വാക്സിൻ നൽകി. ഇതുവരെ വാക്സിൻ നൽകിയതിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിയാണ് മുന്നിൽ 25,480 പേർ ഇവിടെ നിന്നും വാക്സിൻ സ്വീകരിച്ചു.ആംസ്റ്റർ മിംസ് സൈറ്റ് 1 വഴി ഇതുവരെ 23,591 പേർ വാക്സിൻ സ്വീകരിച്ചു.
ജില്ലയിൽ ശനിയാഴ്ച വരെ 13,11,637 പേർ വാക്സിൻ സ്വീകരിച്ചു. 8,63,804 പേർ ഒന്നാം ഡോസും 4,47,833 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 6,26,168 പുരുഷൻമാരും 6,85,246 സ്ത്രീകളും 223 ട്രാൻസ്ജെൻഡറുകളും വാക്സിൻ സ്വീകരിച്ചു. കോവിഷീൽഡ് വാക്സിനേഷനാണ് ആളുകൾ കൂടുതൽ സ്വീകരിച്ചത്.
11,90,530 കോവിഷീൽഡും 1,18,639 കോവാക്സിനും 2,468 സ്ഫുട്നിക് വാക്സിനുമാണ് സ്വീകരിച്ചത്. 60 വയസിനു മുകളിലുള്ള 5,28,427 പേരും 45നും 60നും ഇടയിലുള്ള 4,74,145 പേരും വാക്സിൻ സ്വീകരിച്ചു. 18നും 44നും ഇടയിലുള്ള 3,09,065 പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.