കണ്ണൂര്‍: ജില്ലയില്‍ ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരെ വെട്ടിലാക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നിര്‍ദേശം. ലോക്ഡൗണില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയവർ വീണ്ടും സ്ലോട്ട് ബുക്ക് ചെയ്യണമെന്ന നിര്‍ദേശമാണ് ജനങ്ങളെ വലയ്ക്കുന്നത്. രണ്ടര മാസത്തെ ലോക്ഡൗണിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കാനിരിക്കെ ആദ്യം ബുക്ക് ചെയ്തവര്‍ ഡ്രൈവിംഗ് ടെസ്റ്റിന് അവസരം കിട്ടിയില്ലെന്ന പരാതി ഉയർന്നുകഴിഞ്ഞു. നേരത്തേ ടെസ്റ്റ് നഷ്ടമായവര്‍ക്ക് മുന്‍ഗണന നല്‍കാതെ എല്ലാവരും പുതിയ സമയം തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം പഴയ അപേക്ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം ടെസ്റ്റ് നടക്കാത്തവര്‍ ഉള്‍പ്പെടെ എല്ലാവരും പുതിയ സ്ലോട്ട് ബുക്ക് ചെയ്യണമെന്നാണ് പുതിയ ഉത്തരവ്.
ലോക്ഡൗണ്‍ സമയത്ത് മുടക്കമില്ലാതെ ഓണ്‍ലൈനായി ലേണേഴ്സ് നടന്നതിനാല്‍ പാസായവര്‍ ഉടന്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷിച്ചിട്ടുണ്ട്. കണ്ണൂര്‍ താലൂക്കില്‍ മാത്രം ഇത്തരത്തില്‍ ആറായിരത്തോളം പേരുണ്ട്. തലശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ ഇതിന്റെ നാലിരട്ടി ആളുകളുണ്ടാകും. ഇവരെല്ലാം ഇനി വീണ്ടും സ്ലോട്ട് ബുക്ക് ചെയ്യേണ്ടിവരും.
കണ്ണൂരില്‍ ഒരു ദിവസം 60 സ്ലോട്ടുകളാണ് അനുവദിച്ചത്. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക. എന്നാല്‍ കോവിഡ് സാഹചര്യം ഇനിയും മോശമായാൽ സ്ലോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാനും സാധ്യതയുണ്ട്. പരിവാഹന്‍ പോര്‍ട്ടലില്‍ നേരിട്ടോ എംവിഡി പോര്‍ട്ടല്‍ വഴിയോ ആണ് സ്ലോട്ടുകള്‍ ബുക്ക് ചെയ്യണ്ടത്. ഇതോടെ ഡ്രൈവിംഗ് സ്കൂള്‍ അധികൃതരും ആശങ്കയിലാണ്.
എന്നാൽ ആദ്യം ബുക്ക് ചെയ്തവര്‍ക്ക് പരിഗണന നല്‍കുമെന്നും ലോക്ഡൗണ്‍ കാലയളവിന് മുമ്പേ പലരും ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇവരും വീണ്ടും ബുക്ക് ചെയ്യണമെന്നും അധികൃതർ പറഞ്ഞു. ആദ്യം ലേണേഴ്സ് കഴിഞ്ഞവര്‍ക്ക് ആദ്യം പരിഗണന നല്‍കും. ലേണേഴ്സ് കഴിഞ്ഞ കാലാവധി അനുസരിച്ചാണ് പുതിയ സ്ലോട്ട് അനുവദിക്കുക എന്നും അവർ വ്യക്തമാക്കുന്നു.
ലേണേഴ്സ് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്നതിനുള്ള പരമാവധി ഇടവേള ആറു മാസമാണ്. ആദ്യ ലോക്ഡൗണിനു ശേഷം ഇതു നീട്ടി നല്‍കിയിരുന്നെങ്കിലും രണ്ടാം ലോക്ഡൗണിനു ശേഷം ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നുമില്ല. മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ടെസ്റ്റുകളും ആരംഭിച്ചിട്ടുണ്ട്.