കണ്ണൂർ: ജില്ലയെ ഓഗസ്റ്റ് 31 നകം സമ്പൂര്‍ണ കണക്റ്റിവിറ്റിയുള്ള ജില്ലയാക്കണമെന്നും ഓണ്‍ലൈന്‍ പഠനത്തിനുള്ള ഫോണുകളുടെയും ടാബുകളുടെയും വിതരണം പൂര്‍ത്തീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. ജില്ല കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംതരം മുതല്‍ പ്ലസ്ടു വരെ 12,126 പേര്‍ക്ക് ഫോണോ ടാബോ ആവശ്യമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 6666 കുട്ടികളും ഫോണ്‍/ടാബ് ആവശ്യമുള്ളവരാണ്.
ഇതുവരെ ജനറല്‍, ട്രൈബല്‍ വിഭാഗങ്ങളിലായി 580 ഫോണ്‍/ ടാബ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സംഘടനകളും വ്യക്തികളും സമാഹരിച്ചതും സംഭാവന ചെയ്തതുമായ ഫോണുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുണ്ട്. ഇവ സംബന്ധിച്ച കൃത്യമായ കണക്കെടുക്കാനും പട്ടിക തയാറാക്കാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയിലെ കോളനികളിലേക്കുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സംബന്ധിച്ച കണക്കെടുക്കാനും അത് സംബന്ധിച്ച് സേവനദാതാക്കളുമായി ആലോചന നടത്താനും ബിഎസ്എന്‍എല്‍, ജില്ലാ പഞ്ചായത്ത്, അക്ഷയ ഡിപിഎം, ട്രൈബല്‍ ഓഫീസര്‍ എന്നിവരോടും നിര്‍ദ്ദേശിച്ചു.
ഇതുസംബന്ധിച്ച് ബുധനാഴ്ച സേവനദാതാക്കളുടെ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിക്കും. എല്ലാ ശനിയാഴ്ചയും തദ്ദേശ സ്വയംഭരണ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ബിഎസ്എന്‍എല്‍ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.