റേഷൻകട വഴി വിതരണം ചെയ്യുന്ന ജൂൺ മാസത്തെ സൗജന്യ കിറ്റുവിതരണത്തിന്റെ കാലാവധി ഈ മാസം 28 വരെയാക്കി ചുരുക്കിയ സർക്കാർ ഉത്തരവില്‍ വ്യാപാരികൾക്ക് പ്രതിഷേധം. ഇക്കഴിഞ്ഞ മേയ് മാസത്തെ കിറ്റു വിതരണം ഈ മാസം ആറു വരെ നീട്ടി നൽകിയിരുന്നു. അങ്ങനെയിരിക്കെ ഈ മാസം മുഴുവനെങ്കിലും കിറ്റ് വിതരണം നടത്താൻ അനുവദിക്കണമെന്നാണ് റേഷൻ വ്യാപാരികൾ ഉയർത്തുന്ന ആവശ്യം. പുതിയ തീരുമാനം റേഷൻ വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ വാക്കുതർക്കത്തിനിടയാക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ ജൂലൈ മാസത്തെ കിറ്റ് വിതരണം ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പകരം ഓഗസ്റ്റ് മാസത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 31ന് ആരംഭിക്കേണ്ടതിനാലാണ് ജൂൺ മാസത്തെ കിറ്റ് വിതരണ കാലാവധി ചുരുക്കിയതെന്നാണ് വിവരം. സൗജന്യ കിറ്റ് വിതരണം ചെയ്ത വകയിൽ വ്യാപാരികൾക്ക് പത്തു മാസത്തോളമുള്ള കമ്മീഷനും നൽകിയിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. കുടിശിക വിതരണം നടത്തണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ 28ന് ഉച്ചയ്ക്ക് 12.30ന് തലശേരി സപ്ലൈ ഓഫീസിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. അതേസമയം നെറ്റ്വർക്ക് തകരാറിലായതിനെത്തുടർന്ന് ഇന്നലെ രണ്ടാം ദിവസവും കുറച്ച് സമയത്തേക്ക് റേഷൻ വിതരണം സ്തംഭിച്ചിരുന്നു.വെള്ളിയാഴ്ചയും ഇന്നലെയുമായി രാവിലെയും വൈകുന്നേരവുമായി മണിക്കൂറോളമാണ് ഇ പോസ് മെഷീൻ പണിമുടക്കിയത്.