കണ്ണൂർ: വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന നടപടി പിൻവലിക്കണമെന്നും വ്യാപാരികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
പൊതുഗതാഗത്തിലും സർക്കാർ ഓഫീസുകളിലും ഇല്ലാത്ത മാനദണ്ഡം വ്യാപാരികൾക്ക് നേരേമാത്രം അടിച്ചേൽപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.
തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ 72 മണിക്കൂർ ഇടവിട്ട് കോവിഡ് ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുക എന്നത് തികച്ചും അപ്രായോഗികമാണ്.
ജനങ്ങളുമായി ഏറെ ബദ്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് അടിയന്തര പ്രാധാന്യത്തോടെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച നിവേദനം കളക്ടർക്കും മുഖ്യമന്ത്രിക്കും ഇ മെയിലായി അയച്ചു. ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. സുഗുണൻ, കെ.പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, എം.എ. ഹമീദ് ഹാജി, വി.പി. മൊയ്തു എന്നിവർ പ്രസംഗിച്ചു.