27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സമ്പദ്‌വ്യവസ്ഥ തകരുമ്പോഴും കുതിച്ച് ഓഹരി; രാജ്യത്ത് അടുത്തെത്തിയോ സാമ്പത്തിക ബൂം?. കോവിഡ്‌കാലത്തെ തളർച്ച
Kerala

സമ്പദ്‌വ്യവസ്ഥ തകരുമ്പോഴും കുതിച്ച് ഓഹരി; രാജ്യത്ത് അടുത്തെത്തിയോ സാമ്പത്തിക ബൂം?. കോവിഡ്‌കാലത്തെ തളർച്ച

കോവിഡ് മൂലമുണ്ടായ വൻ വീഴ്ചയിൽ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതോടെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചു. ടൂറിസം മേഖല തകർന്നു, പെട്രോളിയം ഉൽപന്നങ്ങൾ, എൽപിജി എന്നിവയുടെ വില കുതിച്ചു കയറി. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞു. കേരളത്തിലടക്കം ആത്മഹത്യകളുണ്ടായി. 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ വളർച്ച 3.1 ശതമാനം താഴേക്കു പതിച്ചെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വെളിപ്പെടുത്തുന്നു. 2020 രണ്ടാം ക്വാർട്ടറിൽ (ഏപ്രിൽ–ജൂൺ) ജിഡിപിയുടെ 24 ശതമാനം പൊളിഞ്ഞടുങ്ങി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലും ഇന്ത്യയുടെ ജിഡിപിയിൽ 40 ശതമാനം കുറവ് വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 13.5 ശതമാനമാണ് കോവിഡിന്റെ ആഘാതം മൂലം നഷ്ടമാകാൻ പോകുന്നതെന്നും എസ്ബിഐയുടെ പഠനത്തിൽ പറയുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇന്ത്യയിലെ നിഫ്റ്റി, സെൻസെക്സ്, യുഎസിലെ ഡൗ ജോൺസ്, നാസ്ഡാക്, യുകെയിലെ എഫ്ടിഎസ്ഇ 100, ഡാക്സ്, ജപ്പാൻ നിക്കേ തുടങ്ങി ലോകത്തെ മിക്ക ഓഹരിവിപണികളും എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണു വ്യാപാരം നടത്തുന്നത്.വിപണിയും രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയും തമ്മിലുള്ള വിടവ് ഇതിൽനിന്നു വ്യക്തമാണ്. യഥാർഥത്തിൽ ഇവ തമ്മിൽ വലിയ ബന്ധമൊന്നുമില്ലേ? ഇതിനു സാമ്പത്തിക വിദഗ്ധർ പറയുന്ന കാരണങ്ങൾ എന്തൊക്കെയാണ്? രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലും ഓഹരിവിപണിയുടെ വളർച്ച എങ്ങനെ സാധിക്കുന്നു എന്നു മനസ്സിലാക്കാൻ വിപണിയുടെ അടിസ്ഥാന ഘടകങ്ങളിലേക്ക് ഒന്നു നോക്കിയാൽ മാത്രം മതി.

ഇതാണോ യഥാർഥ മുന്നേറ്റം?

വിപണി മൂലധനത്തിന്റെ കണക്കെടുത്താൽ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് തുടങ്ങിയ സെക്ടറുകളാണ് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ സൂചികകളിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, ഈ മേഖലകൾ ഇന്ത്യ പോലൊരു രാജ്യത്തിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥയെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്നില്ലെന്നു കാണാം. ഈ മേഖലയിലെ സ്‌റ്റോക്കുകളുടെ കുതിപ്പാണ് വിപണിയുടെ മൊത്തത്തിലുള്ള മുന്നേറ്റമായി കണക്കാക്കുന്നത്, ഇക്കോണമിയുടെ വളർച്ചയല്ല.വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇന്നു നിലവിലുള്ള ഏറ്റവും വലിയ കമ്പനികളാണ് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തിരിക്കുന്ന നിഫ്റ്റി 50 ഇൻഡക്സ് സ്റ്റോക്കുകൾ. 2021 ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് നിഫ്റ്റി 50 സൂചിക ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ 13 മേഖലകളെ ഉൾക്കൊള്ളുന്നുണ്ട്.

സാമ്പത്തിക സേവന മേഖല 39.47%, എനർജി സെക്ടർ 15.31 %, ഐടി 13.01%, ഉപഭോക്തൃവസ്തു വിതരണ കമ്പനികള്‍ (എഫ്എംസിജി) 12.38 %, ഓട്ടമൊബൈൽസ് 6.11%. കൃഷിയിലാകട്ടെ ട്രാക്ടർ, ഫെർട്ടിലൈസർ, പെസ്റ്റിസൈഡ് കമ്പനികൾക്ക് ചെറിയ പങ്കാളിത്തവും ചെറുകിട, ഇടത്തരം സംരംഭ മേഖലകൾക്ക് മിക്കവാറും പൂജ്യം എന്നിങ്ങനെയാണ് നിഫ്റ്റി 50യിലെ കമ്പനികളുടെ പ്രാതിനിധ്യം.

മൈക്രോ–സ്മോൾ–മീഡിയം ഇന്റർപ്രൈസുകൾ (MSME) അഥവാ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾക്കും മറ്റ് അസംഘടിത മേഖലയ്ക്കുമാണു കോവിഡ് മൂലം ഏറ്റവും കൂടുതൽ ആഘാതമുണ്ടായത്. എന്നാൽ ഈ മേഖലയിലുള്ള ഒരു സ്റ്റോക്ക് പോലും എൻഎസ്‌ഇയിൽ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുമില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഓഹരി വിപണിയിൽ വലിയ പ്രകടനം നടത്തുന്നത് എന്നു പറയാം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സിംഹഭാഗം കയ്യാളുന്ന ഉൽപാദനം, വ്യാപാരം, കൃഷി, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ അടങ്ങിയ മേഖലകൾക്ക് ഓഹരി വിപണിയിൽ വലിയ പ്രാതിനിധ്യമില്ല.യുഎസ് വിപണിയുടെ കാര്യവും ഏറെ വ്യത്യസ്തമല്ല. എസ് ആൻഡ് പി 500 ഇൻ‌ഡക്‌സിൽ ആധിപത്യം പുലർത്തുന്നത് ടെക്നോളജിയുമായി ബന്ധപ്പെട്ട സ്റ്റോക്കുകൾ ആണെന്നു കാണാം. ഇവയെ FAANG എന്ന ചുരുക്കപ്പേരിൽ വിളിക്കും–ഫെയ്സ്ബുക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ തുടങ്ങിയവ. 2020 ഓഗസ്റ്റിലെ കണക്കനുസരിച്ച് 5.6 ട്രില്യൻ ഡോളറിന്റെ വിപണി മൂലധനമാണ് ഇവയ്ക്കുള്ളത്. ഈ സ്റ്റോക്കുകൾക്ക് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തലവര മാറ്റാൻ തക്ക ഊർജമൊന്നുമില്ല. എന്നാൽ, സ്റ്റോക്ക് മാർക്കറ്റില്‍ മൂലധന പങ്കാളിത്തം ഏറെയുണ്ടുതാനും.

ലാഭം കൊയ്ത് സംഘടിത മേഖല

ചെറുകിട ഇടത്തരം സംരംഭങ്ങൾ കോവിഡ്, ലോക്ഡൗൺ പ്രതിസന്ധിയിൽ ഉഴറി വീണപ്പോഴും സംഘടിത മേഖലകളായ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് എന്നിവയ്ക്കൊന്നും കാര്യമായ തട്ടുകേട് ഉണ്ടായില്ല എന്നു മാത്രമല്ല, വലിയ ഗുണമുണ്ടാവുകയും ചെയ്തു. ഐടി മേഖല കാര്യമായ ഗുണം അനുഭവിച്ചു. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഷെയറുകളുടെ വില 100 ശതമാനത്തിൽ കൂടുതൽ വർധിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി ലോകമെമ്പാടും വർധിച്ചത് ടെക്നോളജി, ടെലികോം സ്റ്റോക്കുകളുടെ വൻ കുതിച്ചുചാട്ടത്തിന് കാരണമായി.ലോക്‌ഡൗൺ കാലത്ത് റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ സേവനദാതാക്കളുടെ ഉപയോഗം കൂടിയതും ടെലികോം മുന്നേറ്റത്തിന് ഉദാഹരണങ്ങളാണ്. ഫാർമസ്യൂട്ടിക്കൽ മേഖല കോവിഡ് കാലത്തു തടിച്ചു കൊഴുത്തു. കോവിഡിനും അനുബന്ധ രോഗങ്ങൾക്കുമുള്ള മരുന്നായും വാക്സീനായും ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഏറെ ലാഭം കൊയ്തു. ഉൽപാദന സമയത്ത് കടുത്ത വായു മലിനീകരണമുണ്ടാകുന്നുവെന്ന കാരണത്താൽ കഴി‍ഞ്ഞ എട്ടു വർഷത്തോളമായി മാന്ദ്യത്തിലായിരുന്ന മെറ്റൽ സെക്ടറിലും (പ്രധാനമായും സ്റ്റീൽ, കോപ്പർ, സിങ്ക്) ഒക്ടോബറിൽ തുടങ്ങിയ കുതിച്ചുചാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല.

ബാങ്ക്, ധനകാര്യ മേഖലയിലെ പാർപ്പിട ലോണുകളുടെ പലിശനിരക്ക് കുറഞ്ഞു. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്ക് ഭീമൻമാരും ഈ സമയത്ത് ലാഭമുണ്ടാക്കി. ശരാശരി 6.7 ശതമാനമാണ് ഇപ്പോൾ പാർപ്പിട വായ്‌പ. നിർമാണം കൂടുമ്പോൾ സ്വാഭാവികമായും സിമന്റിന്റെയും, നിർമാണ കമ്പനികളുടെയും ഓഹരിവിലയും കുതിക്കും. അൾട്രാടെക് സിമന്റ്, എസിസി, ഗ്രാസിം, എൽ ആൻഡ് ടി തുടങ്ങിയവ ഒന്നാന്തരം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

കരകയറാൻ സ്റ്റിമുലസ് പാക്കേജുകൾ

രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോൾ കരകയറാൻ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാനാരംഭിച്ചു. ഇതു കൂടാതെ അതതു രാജ്യത്തെ ഗവൺമെന്റിന്റെ വകയായി ‘ഫിസ്കൽ സ്റ്റിമുലസ്’ എന്ന പേരിലും സാമ്പത്തിക സഹായം അനുവദിച്ചു. വിപണിയിലേക്കു കൂടുതൽ പണം ഒഴുകിയെത്തി. ലോക ചരിത്രത്തിലാദ്യമായി ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ കൊടുക്കാനാരംഭിച്ചു. ഒക്ടോബർ 2020 വരെ ഇന്ത്യ 27.87 ലക്ഷം കോടി രൂപയാണ് സ്റ്റിമുലസ് ആയി നൽകിയത്.സാധാരണ ഗതിയിൽ ഇതുമൂലം പണപ്പെരുപ്പമാണ് രാജ്യത്തുണ്ടാകുന്നതെങ്കിൽ, ഇത്തവണയുണ്ടായത് ‘അസെറ്റ് ഇൻഫ്ലേഷൻ’ അഥവാ ആസ്തികളുടെ വിലവർധനയാണ്. ബോണ്ടുകൾ, സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ബിറ്റ്കോയിൻ, കമ്മോഡിറ്റി തുടങ്ങിയവയുടെ വിലയാണ് വർധിച്ചത്. ഇത്തരം ഉത്തേജന പാക്കേജുകൾ ഇറക്കിയിട്ടും അസംഘടിത മേഖലയിലെ മാന്ദ്യം മറികടക്കാനായില്ല. മറിച്ച് വലിയ കമ്പനികൾ ഇതിൽനിന്നു ലാഭം ഉൾക്കൊണ്ടു. അത്തരം കമ്പനികളുടെ മുന്നേറ്റവും വിപണിയുടെ മുന്നേറ്റമായി പ്രതിഫലിക്കുകയും ചെയ്തു.

Related posts

വിഷവായു തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും

Aswathi Kottiyoor

*വാക്സീൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷം; കുറയ്ക്കില്ലെന്ന് കോടതി.*

Aswathi Kottiyoor

*2026ൽ ചൈനയെ മറികടക്കും; 2030ൽ 150 കോടി കടക്കും’; എന്താണ് ഇന്ത്യയുടെ ഭാവി

Aswathi Kottiyoor
WordPress Image Lightbox