കണ്ണൂർ: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 23ന് ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.കഴിഞ്ഞവര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണം.
കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയാറെടുപ്പുകള്‍ നടത്തണം. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.