25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൃത്തി കൂടും, പ്രകാശം നിറയും ;വരും ബവ്‌കോ സ്റ്റോറുകളില്‍ ‘ഗ്ലാസും വെള്ളവും’
Kerala

വൃത്തി കൂടും, പ്രകാശം നിറയും ;വരും ബവ്‌കോ സ്റ്റോറുകളില്‍ ‘ഗ്ലാസും വെള്ളവും’

ബവ്റിജസ് കോർപറേഷന്റെ മദ്യക്കടകളിൽ ഇനി പ്രകാശം പരക്കും.എല്ലാ കടകളിലും അകത്തും പുറത്തും ആവശ്യത്തിന് എൽഇഡി ബൾബുകളിടണമെന്നാണ് ബവ്കോ എംഡിയുടെ നിർദേശം. ഇരുട്ടിൽ ആളുകൾ മദ്യക്കടയുടെ പരിസരം മലിനമാക്കുന്നതു തടയാനും കടകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ നിർദേശം.

നിറം മങ്ങിയ മുഴുവൻ കടകളും പെയിന്റടിച്ചു വൃത്തിയാക്കണം.2017ൽ ബവ്കോ അംഗീകരിച്ച ഔദ്യോഗിക നിറമടിക്കണം. നീല, മഞ്ഞ, ചുവപ്പ് നിറങ്ങൾ ചേർന്ന പ്രത്യേക കളർ പാറ്റേൺ വേണം ഉപയോഗിക്കേണ്ടത്. കടകളുടെ മുഖം മിനുക്കാനും നിലവാരം മെച്ചപ്പെടുത്താനുമുള്ള ചുമതല ജില്ലാ ഓഡിറ്റ് ടീം മാനേജർമാർക്കായിരിക്കും. ഇതുൾപ്പെടെ മദ്യക്കടകളുടെ മുഖഛായ അടിമുടി മാറ്റുന്ന നിർദേശങ്ങളടങ്ങിയ സർക്കുലർ സിഎംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥർക്കു നൽകി.

ഇനി മുതൽ ഡിജിറ്റൽ

മൂന്നിലധികം കൗണ്ടറുകളുള്ള എല്ലാ കടകളിലും ഒരു കൗണ്ടർ പൂർണമായി ഡിജിറ്റൽ പേയ്മെന്റിനായിരിക്കും. ഇവിടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു പണമടയക്കാം. ഇതിനു പ്രത്യേക വരിയുമുണ്ടാകും. കാർഡ് പേയ്മെന്റിനു വരുന്നവർ വരി തെറ്റിക്കയറി തിരക്കു കൂട്ടരുത്. കാർഡ് പേയ്മെന്റ് നടത്തേണ്ടവർ ഏതു വരിയിൽ നിൽക്കണമെന്നു പുറത്തു ബോർഡുണ്ടാകും.എല്ലാ കടകളിലും കുടിക്കാൻ വെള്ളം നിർബന്ധം. ഒപ്പം ഗ്ലാസും വയ്ക്കണം. എന്നാൽ ഇത് ഉപഭോക്താവിന്റെ കണ്ണിൽപെടുന്നിടത്തു വേണ്ട. മദ്യം വിൽക്കുന്ന കടയിൽ വെള്ളവും ഗ്ലാസും കൺമുൻപിൽ വച്ചാൽ കുഴപ്പമാകുമെന്നാണ് ആശങ്ക. അതുകൊണ്ട് ജീവനക്കാരുടെ നിയന്ത്രണത്തിൽ അകത്തെവിടെയെങ്കിലും വച്ചാൽ മതി. എന്നാൽ കുടിവെള്ളം ലഭ്യമാണെന്ന ബോർഡ് പുറത്തുവയ്ക്കണം.

ശുചിമുറിയും പാർക്കിങ്ങും വേണം

പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറികൾ വേണം. ഉപഭോക്താവിന് ആവശ്യമെങ്കിൽ ഉപയോഗിക്കാൻ അവസരം നൽകണം. പുതിയ കെട്ടിടമെടുക്കുമ്പോൾ പാർക്കിങ് ഏരിയയുള്ള സ്ഥലം കണ്ടെത്തണം. തിരക്കില്ലാത്ത റോഡിനു മുൻഗണന. നിലവിൽ കടകളിൽ ശുചീകരണത്തിന് ആളെ വയ്ക്കാറുണ്ട്. എന്നാൽ അതു പോരെന്നാണു വിലയിരുത്തൽ. കടയും പരിസരവും ശുചിമുറിയും കൂടെക്കൂടെ വൃത്തിയാക്കണം.

വൃത്തി പരമപ്രധാനമാണ്. ഇതിനായി അധിക തുക കടകൾക്ക് അനുവദിച്ചു. 20 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള കടകൾക്ക് 5500 രൂപയും, 20–40 ലക്ഷത്തിനിടയിൽ വിറ്റുവരവുള്ള കടകൾക്ക് 7500 രൂപയും, അതിനു മുകളിൽ വിറ്റുവരവുള്ള കടകൾക്ക് 10,000 രൂപയും ശുചീകരണത്തിന് അധികമായി അനുവദിക്കും. ശുചീകരണജോലി ‘ഔട്ട്സോഴ്സ്’ ചെയ്താലും കുഴപ്പമില്ല.വരി തിരിക്കാൻ നിലവിലുള്ള കമ്പി സംവിധാനം പൂർണമായി മാറ്റും. തിരക്കുണ്ടാകുമ്പോൾ ഇതിനുള്ളിൽ നിന്ന് ആളുകൾ ഞെങ്ങിഞെരുങ്ങുന്നുണ്ടെന്നാണു കണ്ടെത്തൽ. മാളുകളിലും മറ്റുമുള്ളതുപോലെ റിബൺ സ്ഥാപിച്ചാകും ഇനി വരി തിരിക്കുക. കൗണ്ടറിനു മുൻപിൽ ഒരേസമയം 10 പേരിൽ കൂടുതൽ ഉണ്ടാകരുതെന്നാണു നിർദേശം. കടകളിലെ തിരക്ക് കോടതി കയറിയതോടെ 100 കൗണ്ടറുകളാണ് രണ്ടാഴ്ചയ്ക്കിടെ പുതിയതായി സ്ഥാപിച്ചത്.

കടകളുടെ എണ്ണം കൂട്ടുമോ?

കേരളത്തെ അപേക്ഷിച്ചു മറ്റു സംസ്ഥാനങ്ങളിൽ കൂടുതൽ മദ്യക്കടകളുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ബവ്കോ മദ്യക്കടകളുടെ എണ്ണം കൂട്ടിയേക്കും. എക്സൈസ് കമ്മിഷണർ ഇങ്ങനെയൊരു നിർദേശം സർക്കാരിനു മുൻപി‍ൽ വച്ചിട്ടുണ്ട്. എന്നാൽ മദ്യക്കടകളിൽ തിരക്ക് കൂടുന്ന വിഷയത്തിൽ കോടതി അന്തിമ തീർപ്പിൽ ഇതുവരെ എത്തിയിട്ടില്ല. അതുവരെ കാത്തിരിക്കാനാണു തീരുമാനം. 10 വർഷം മുൻപ് ബവ്കോയ്ക്കു 420 മദ്യക്കടകളുണ്ടായിരുന്നു.

ഉമ്മൻചാണ്ടി സർക്കാരിന്റെ നയത്തിന്റെ ഭാഗമായി ഓരോ വർഷവും 10 ശതമാനം വച്ച് എണ്ണം കുറച്ചു. ദേശീയപാത വിവാദത്തിലും കുറേ കടകൾ പൂട്ടി. ഇതോടെയാണ് എണ്ണം ഇപ്പോൾ 165ലെത്തിയത്. ഇതിൽ നൂറോളം കടകൾ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. പഴയ 420ലേക്കെത്തിക്കാനായാൽ തിരക്കു കുറയ്ക്കാമെന്നും മുൻപുള്ളതിനെക്കാൾ എണ്ണം കൂടാത്തതിനാൽ വിവാദമുണ്ടാകില്ലെന്നും സർക്കാർ കണക്കുകൂട്ടുന്നുണ്ട്.

Related posts

വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന; വിമാന ജീവനക്കാരുടെ കൊറോണ പരിശോധനാ സംവിധാനത്തിൽ ഇളവിനൊരുങ്ങി വ്യോമയാന വകുപ്പ്

Aswathi Kottiyoor

*കുതിച്ച് പണപ്പെരുപ്പം: മൊത്തവില സൂചിക 14.55ശതമാനമായി.*

Aswathi Kottiyoor

സാരി ധരിച്ച്​ ജോലി ചെയ്യണമെന്ന്​ നിയമമില്ല; അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​​

Aswathi Kottiyoor
WordPress Image Lightbox