കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം – ബംഗളൂരു സർവീസ് കെഎസ്ആർടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. ഏപ്രിൽ ഒന്പതു മുതൽ നിർത്തിവച്ച സർവീസാണ് പുനരാരംഭിച്ചത്.
തിരുവനന്തപുരത്തു നിന്നും ഞാറാഴ്ച വൈകുന്നേരം അഞ്ചിനാണ് സർവീസ് ആരംഭിച്ചത്.കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സു.ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബംഗളൂരു സർവീസ് ആദ്യ ദിനം നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ നടത്തുക.
അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അതുകൂടി ലഭിച്ചാൽ പാലക്കാട് സേലം വഴിയുള്ള ബംഗളൂരു സർവീസ് ആരംഭിക്കാനാകും. ഇനിനായി ആദ്യഘട്ടമെന്ന നിലയിൽ തമിഴ്നാട്ടിലേക്ക് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ബോണ്ട് സർവീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പാലക്കാട് – കോയമ്പത്തൂർ ബോണ്ട് സർവീസുകൾ ഇന്ന് ആരംഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്നാട് അന്തർസംസ്ഥാന ഗതാഗതത്തിനുള്ള അനുമതി നൽകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.