എടൂർ: ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ആനപ്രതിരോധ മതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ഈ മതിൽ വനാതിർത്തിയായി കണക്കാക്കണമെന്നും ആവശ്യം. ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി 10.136 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിനെതിരേ ആറളം, കേളകം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തള്ളിയ സാഹചര്യത്തിൽ തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഇന്നലെ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയ പാരിഷ് ഹാളിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. ആന പ്രതിരോധ മതിൽ നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഇതിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രശ്നം ചര്‍ച്ച ചെയ്യാനും പുതിയ നിര്‍ദേശങ്ങള്‍ പ്രദേശികതലത്തില്‍ രൂപപ്പെടുത്തുന്നതിനുമായി ആറളത്തും കേളകത്തും 12ന് വിളിച്ചുചേർത്തിരിക്കുന്ന പ്രാദേശികതല യോഗങ്ങളിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകി.
സാങ്കൽപ്പിക മതിൽ വേണ്ട
യാതൊരുകാരണവശാലും ജനവാസകേന്ദ്രങ്ങൾ വനഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. സാങ്കൽപ്പിക മതിൽ വേണ്ട. കൊച്ചുസംസ്ഥാനമായ കേരളം വനവിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലായിട്ടും ഇവിടുത്തെ ജനസാന്ദ്രത കണക്കിലെടുക്കാതെ കൂടുതൽ പ്രദേശങ്ങൾ വനമാക്കാനാണ് ശ്രമം. ഇത് അനുവദിക്കില്ല. വന്യജീവി സങ്കേതത്തിന് ചുറ്റും ജനവാസമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങൾ സീറോയായി കണക്കാക്കണം. ബഫർ സോണിന്റെ പേരും പറഞ്ഞ് ജനവാസമേഖലകളിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിലവിലെ സാഹചര്യത്തിൽ യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിനായി സമാനപ്രശ്നം നേരിടുന്ന പ്രദേശങ്ങളിലെ കർഷകകൂട്ടായ്മകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റം വേണം.
ബദൽ നിർദേശം തള്ളിയ സാഹചര്യത്തിൽ ഇതിനെതിരേ നിയമപരമായി നീങ്ങാനും വേണ്ടിവന്നാൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്‍പാകെ വീണ്ടുമൊരു നിർദേശംകൂടി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. നിയമപോരാട്ടത്തിനായി കുടിയിറക്ക് ഭീഷണി നേരിടുന്ന കർഷക കുടുംബങ്ങളെ സഹായിക്കും. കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിനായി കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ജില്ലയിലെ എംപിമാരുടെയും സഹായം തേടും. പ്രകാശ് ജാവദേകറെ മാറ്റി പുതുതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ ഭൂപേന്ദർ യാദവിനെ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിക്കും.
സർക്കാർ സമ്മർദം ശക്തമാക്കണം
കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയത്തിൽ സംസ്ഥാനസർക്കാർ കേന്ദ്രത്തിൽ കൂടുതൽ സമ്മർദം ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനത്തെ എംപിമാരുടെ സഹായം തേടണം. കർഷകരെ ദ്രോഹിക്കുന്ന ഒരു തീരുമാനവുമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നതായും വിഷയത്തിന്റെ ഗൗരവം വീണ്ടുമൊരിക്കൽക്കൂടി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ബോധ്യപ്പെടുത്തുമെന്നും യോഗത്തിൽ സംസാരിച്ച തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു
വേണ്ടത്ര കൂടിയാലോചനകളില്ലാതെയും ജനാഭിപ്രായം തേടാതെയും ഉദ്യോഗസ്ഥർ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം സാന്പത്തികമായി തകർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുന്ന കർഷകരെ അറുപത് വർഷത്തിലേറെയായി അത്യധ്വാനം ചെയ്തുവരുന്ന ഭൂമിയിൽനിന്ന് കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന നിലപാട് തിരുത്താൻ ഉദ്യോഗസ്ഥർ തയാറാകണം. ആനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും സംരക്ഷണം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന നിലപാട് തിരുത്താനും ഉദ്യോഗസ്ഥർ തയാറാകണം. വിഷയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളെയോ കർഷകരെയോ അറിയിക്കാതെ രഹസ്യമായി യോഗം കൂടി തീരുമാനങ്ങളെടുക്കുകയാണ്. ഇതു ശരിയല്ല. കാര്യങ്ങളെല്ലാം സുതാര്യമായിരിക്കണം.
ജനങ്ങളുടെ ആശങ്കയകറ്റണം
നിലവിലെ സാഹചര്യത്തിൽ ആറളം, കേളകം പഞ്ചായത്തുകളിലെ കുടിയേറ്റജനത വലിയ ആശങ്കയിലാണമെന്ന് യോഗത്തിൽ പ്രസംഗിച്ച ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. വന്യമൃഗശല്യം, സാന്പത്തിക പ്രതിസന്ധി തുടങ്ങി പ്രതിസന്ധികൾ ഒന്നൊന്നായി ജീവിതം ദുരിതമായമാക്കിക്കൊണ്ടിരിക്കുന്പോഴാണ് ബഫർസോണിന്റെ പേരും പറഞ്ഞ് പാവപ്പെട്ട ജനതയെ പീഡിപ്പിക്കുന്നത്. വർഷങ്ങളായി കഠിനാധ്വാനംചെയ്തു ജീവിതം കരുപ്പിടിപ്പിച്ച കൃഷിഭൂമിയിൽ ജനങ്ങളെ ജീവിക്കാൻ അനുവദിക്കണം. അവരുടെ ആശങ്ക മാറ്റണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. അവരുടെ ഭീതി വർധിപ്പിക്കാൻ ശ്രമിക്കരുത്.-യോഗം അഭ്യർഥിച്ചു.
പുതിയ സാഹചര്യത്തിൽ ആറളം, കേളകം പഞ്ചായത്തുകളിലെ 500ഓളം കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. ചെറിയ നിര്‍മാണ പ്രവൃത്തികള്‍ക്കുപോലും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരും. ആറളത്ത് 300 കുടുംബങ്ങളും കേളകത്ത് 200 ഓളം കുടുംബങ്ങളും വിജ്ഞാപനത്തിന്റെ പരിധിയില്‍ വരും. കൂടാതെ പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകരുടെ കൃഷിഭൂമിയെയും ബാധിക്കും. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളെല്ലാം കുടിയൊഴിയേണ്ടിവരും. പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കണമെന്ന നിര്‍ദേശമാണ് വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
വന്യജീവി സങ്കേതത്തിന് ചുറ്റും 100 മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനം ജനദ്രോഹപരമാണെന്നും നിലവില്‍ വനാതിര്ത്തികളായി കണക്കാക്കിയ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കണമെന്നും നിവേദനത്തിൽ ഇരു പഞ്ചായത്തുകളും ആവശ്യപ്പെട്ടിരുന്നു.
ആറളം വന്യജീവി സങ്കേതത്തിന്റെ തെക്കുവശത്ത് വളയംചാല്‍ മുതല്‍ രാമച്ചി വരെ 12.1 കിലോമീറ്ററും തെക്കുപടിഞ്ഞാറ് ചീങ്കണ്ണിപ്പുഴയ്ക്കപ്പുറവും പടിഞ്ഞാറ് ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും അതിരിലായി 11 കിലോമീറ്റര്‍ നീളവുമാണ് 100 മീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖലയില്പ്പെടുത്തിയിരിക്കുന്നത്. ഇത്രയും മേഖലകള്‍ പരിസ്ഥിതിലോലമാക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചത്. ഇതിനെതിരേ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗത്തിലുണ്ടായ നിര്‍ദേശമാണ് ബദല്‍ നിര്‍ദേശമായി സമർപ്പിക്കുകയും വനം-പരിസ്ഥിതി മന്ത്രാലയം തള്ളുകയും ചെയ്തത്.
യോഗം തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എടൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേല്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയ വികാരിയും ഇൻഫാം സംസ്ഥാന ചെയർമാനുമായ ഫാ. ജോസഫ് കാവനാടി, തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍, പഞ്ചായത്തംഗം ജോര്‍ജ് ആലാംപള്ളില്‍, ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം എടൂര്‍ ഫൊറോന കണ്‍വീനര്‍ മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ പി.വി.ബാബു, ഇന്‍ഫാം ഫൊറോന പ്രസിഡന്റ് ബെന്നിച്ചന് മഠത്തിനകം, മാങ്ങോട് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തുപാറ, കീഴ്പള്ളി ഇടവക വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ചെടിക്കുളം ഇടവക വികാരി ഫാ. ജെയിംസ് മൂന്നാനപ്പള്ളി, ജോഷി പൂവത്തോലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രധാന നിർദേശങ്ങൾ
യാതൊരു കാരണവശാലും ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല.
ആനമതിൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കണം. ഇതിന് ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണം.
ആനമതിൽ വനാതിർത്തിയായി കണക്കാക്കണം. സാങ്കൽപ്പിക മതിൽ വേണ്ട.
കർഷകരെയും ആദിവാസികളെയും ജീവിക്കാൻ അനുവദിക്കണം.
വിഷയത്തിൽ നിയമപരമായി നീങ്ങും.
കർഷകരുടെ ആവശ്യത്തിനായി കേന്ദ്രത്തിൽ സംസ്ഥാനസർക്കാർ സമ്മർദം ചെലുത്തണം. ഇതിനായി സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും സഹായം തേടണം.
മാര്‍ ജോസഫ് പാംപ്ലാനി
(തലശേരി അതിരൂപത
സഹായമെത്രാന്‍ )
മലയോര ജനതയുടെ അറിവില്ലായ്മയെ വനം-പരിസ്ഥിതി മന്ത്രാലയം ചൂഷണം ചെയ്യുകയാണ്. അതിജീവനത്തിന്റെ പ്രശ്നമാണ് ഈ മേഖലകളിലെ സാധാരണക്കാരായ ജനം നേരിടുന്നത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും കൂട്ടായ്മയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കി കുടിയിറക്ക് തടയണം. ഈ ഉത്തരവ് നടപ്പിലായാല്‍ ഭൂമിയുടെ ക്രയവിക്രയം ഉള്‍പ്പെടെ തടസപ്പെടും. ബിഷപ്പുമാരുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ മുമ്പ് ഇക്കാര്യത്തില്‍ കണ്ട് നിവേദനം നല്കിയപ്പോള് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പുപറഞ്ഞതാണ്. ആറളം പഞ്ചായത്തില്‍ ആയിരം കുടുംബത്തെ ബാധിക്കുമ്പോള്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി ആറായിരം കുടുംബങ്ങളെയാണ് ബഫര്‍ സോണ്‍ ബാധിക്കുക. ആനകളുടെ സ്വൈര്യവിഹാരത്തിനാണ് ബഫര്‍സോണ്‍ പ്രഖ്യാപിച്ച് കര്‍ഷകരെ കുടിയിറക്കുന്നതെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ആനമതില്‍ നിര്‍മാണം ഉടന്‍ പൂർത്തിയാക്കി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയുകയാണു വേണ്ടത്.
സണ്ണി ജോസഫ് എംഎല്‍എ
ആറളത്ത് ഒരുതരത്തിലും കൊട്ടിയൂരിൽ മറ്റൊരു തരത്തിലും മറ്റു ജില്ലകളില്‍ വേറെവേറെ തരത്തിലുമാണ് വനംവകുപ്പ് ബഫര്‍സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നിലപാടുകള്‍ കേന്ദ്ര വനം വകുപ്പ് മന്ത്രി, കേന്ദ്രസര്‍ക്കാര്‍, മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍കൊണ്ടുവരണം. നിയമനടപടിയുമായി മുന്നോട്ടുപോകണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
ബിനോയ് കുര്യന്
(ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
കൂട്ടുപുഴ പാലത്തിന്റെ കാര്യത്തിൽ കർണാടക വനം-വന്യജീവി വകുപ്പ് കൈക്കൊണ്ട അതേ നിലപാടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്. ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബഫര്‍സോൺ കാര്യത്തില്‍ സംസ്ഥാന സർക്കാർ വേണ്ട ഇടപെടല്‍ നടത്തുമെന്നും ബിനോയ് കുര്യന് പറഞ്ഞു.
ഫാ. ആന്റണി മുതുകുന്നേല്‍
(എടൂര്‍ ഫൊറോന വികാരി)
കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും പ്രതീക്ഷകള്‍ അസ്തമിപ്പിക്കുന്ന ബഫര്‍ സോണ്‍ പ്രഖ്യാപനം 540 ഓളം കുടുംബങ്ങളെയും പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശത്തെയും ബാധിക്കും. ആനമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ജനവാസകേന്ദ്രത്തിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങുന്ന നടപടി അവസാനിപ്പിക്കുകയാണു വേണ്ടത്. അല്ലാതെ ജനങ്ങളെ കുടിയിറക്കാനുള്ള നടപടിയല്ല ചെയ്യേണ്ടത്.
കെ. വേലായുധന്( ഇരിട്ടി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്)
ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. സീറോ പോയിന്റില്‍ നിലപാടില്‍ ഉറച്ചുനിന്ന് പോരാടണം. ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഭാവിപരിപാടികള്‍ പഞ്ചായത്ത് തല കമ്മിറ്റിയില്‍ സ്വീകരിക്കുമെന്നും വേലായുധന് പറഞ്ഞു.
കെ.പി. രാജേഷ്
(ആറളം പഞ്ചായത്ത് പ്രസിഡന്റ്)
അഭിപ്രായ സമന്വയത്തിലൂടെ കൂട്ടായ്മ രൂപീകരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കും. 12ന് പഞ്ചായത്ത് തല കമ്മിറ്റി കൂടി ഭാവിപരിപാടി ആസൂത്രണം ചെയ്യും.
ഫാ. ജോസഫ് കാവനാടി
(ഇന്‍ചാര്‍ജ്, ഉത്തരമലബാര്‍ കര്‍ഷക
പ്രക്ഷോഭം, എടൂര്‍ ഫൊറോന)
ബഫര്‍സോൺ സീറോ പോയിന്റില്‍ നിലനിർത്തണം. ഉദ്യോഗസ്ഥരുടെ കര്‍ഷകദ്രോഹ നിലപാടുകള്‍ക്കെതിരേ ഐക്യമുണ്ടാകണം. നിയമപോരട്ടത്തിലൂടെ മാത്രമേ കുടിയേറ്റകര്‍ഷകര്‍ക്ക് നീതി ലഭിക്കാനിടയുള്ളൂ. യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും ഫാ. ജോസഫ് കാവനാടി പറഞ്ഞു.
ജോര്‍ജ് തയ്യില്‍( സെക്രട്ടറി, തലശേരി
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍)
ബഫർസോൺ വിഷയം മലബാറിന്റെ മുഴുവന്‍ പ്രശ്നമായി കാണണം. ജില്ലയുടെ മൊത്തം വികസനത്തെ ബാധിക്കുന്ന കാര്യമായതിനാൽ ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്. തീരുമാനം തിരുത്തിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന് കണ്ണൂരുകാരനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, മറ്റ് എംപിമാര്‍, തലശേരിക്കാരനായ കേന്ദ്ര മന്ത്രി വി.മുരളീധരന് തുടങ്ങിയവരുടെ സഹായം തേടണം. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകണം.
ജോര്‍ജ് ആലാംപള്ളില്‍
(പഞ്ചായത്തംഗം)
ആറളം മേഖലയിൽ എട്ട് ജീവനുകളാണ് കാട്ടാനയെടുത്തത്. ഈ മേഖലയില്‍ കാട്ടാന ഒരാളെ കുത്തിവീഴ്ത്തിയിട്ടും സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. ജനങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്ഥലത്തെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. വനംവകുപ്പിന്റെ താഴെത്തട്ടില്‍ മുതലുള്ള നിലപാട് സംശയാസ്പദമാണ്.
മാത്തുക്കുട്ടി പന്തപ്ലാക്കല്‍
(കണ്‍വീനര്‍, ഉത്തരമലബാര്‍ കര്‍ഷക
പ്രക്ഷോഭം, എടൂര്‍ ഫൊറോന )
കാട്ടാനകള്ക്കുവേണ്ടി കുടിയേറ്റ കര്‍ഷകരെ കുടിയിറക്കുന്ന നിലപാടിനെതിരേ കൂട്ടായ്മകള്‍ രൂപം കൊള്ളണം. രാഷ്ട്രീയ ഇടപെടലിനൊപ്പം നിയപോരാട്ടവും നടത്തി കര്‍ഷകരുടെ രക്ഷയ്ക്ക് എല്ലാവരും രംഗത്തുവരണം.
ജോഷി പൂവത്തോലില്‍
(കര്ഷകന്)
കാട്ടാനയും കാട്ടുപന്നിയുമായി ജീവനും സ്വത്തും ഇല്ലാതായിക്കൊണ്ടിരിക്കെയാണ് ബഫര്‍സോണ്‍ പ്രഖ്യാപനത്തിലൂടെ കര്‍ഷകമക്കളെ ഉള്‍പ്പെടെയുള്ളവരെ കുടിയിറക്കാനുള്ള ശ്രമം നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണം.